തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ സുരക്ഷ അനിവാര്യമാണെന്നാണ് എസ്.പി സുകേശന് സിറ്റിപോലീസ് കമ്മീഷണര്‍ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നും സുരക്ഷ നല്കിയ ശേഷം ഇന്റലിജന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ അറിയിക്കണമന്നും ആവശ്യപ്പെട്ടിട്ടുകൊണ്ടുള്ള റിപ്പോർട്ട് ഈ മാസം 22നാണ് സമർപ്പിച്ചത്.
സുരക്ഷാ ഭീഷണി ഉണ്ടെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഇതുസംബന്ധിച്ച് കോഴിക്കോട് റൂറല്‍ എസ്.പിക്ക് ഇന്റലജിന്‍സ് എഡിജിപി നിര്‍ദേശം നല്കി. സുരക്ഷയ്ക്കായി പൊലീസിനെ ഇന്ന് മുതല്‍ തന്നെ നിയമിക്കുമെന്നാണ് വടകര റൂറല്‍ എസ്.പി ശ്രീനിവാസന് അറിയിച്ചത്.
എന്നാൽ താൻ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും കേരള സര്‍ക്കാരില്‍ നിന്ന് അത്തരത്തില്‍ ഒരു സുരക്ഷ ലഭിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. പൊലീസ് തനിക്ക് സുരക്ഷ തരാന്‍ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആര്‍ക്കാണ് അറിയുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഇത് സംബന്ധിച്ച് തന്നോട് ഔദ്യോഗികമായി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്നലെ എ.ആര് ക്യാമ്പില്‍ നിന്നും ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥന് വിളിച്ച് താങ്കള്‍ എവിടെയാണ് താമസിക്കുന്നതെന്നും രണ്ട് പേരെ അവിടേക്ക് അയക്കാനാണെന്നും പറഞ്ഞ അറിവ് മാത്രമേ ഉള്ളൂവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.