തിരുവനന്തപുരം: ലൈഫ് മിഷന് വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടാന്‍ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന് നല്കിയ ഐഫോണുകളിലൊന്ന് എവിടെയെന്ന് മുഖ്യമന്ത്രിക്കറിയാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. രണ്ട് മാസം മുന്‍പ് വരെ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.5 ലക്ഷം രൂപ വില വരുന്ന ആപ്പിള്‍ വാച്ച് എവിടെപ്പോയെന്നും കെ.സുരേന്ദ്രന് ചോദിച്ചു.
സ്വപ്നയുടെ ആവശ്യപ്രകാരം സന്തോഷ് ഈപ്പന് കൈമാറിയ 6 ഫോണുകളില്‍ 1.14 ലക്ഷം രൂപയുടെ ഐഫോണ്‍ ആര്‍ക്കു ലഭിച്ചുവെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ ഒളിയമ്പ്. 353829104894386 എന്ന ഐഎംഇഐ നമ്പറുള്ള ഈ ഫോണ്‍ ഉപയോഗിക്കുന്നയാളെ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി.
യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന് നല്കിയ ഐഫോണുകളിലൊന്ന് ശിവശങ്കറും ഉപയോഗിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലൈഫ് മിഷന് പദ്ധതികളുടെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു ശിവശങ്കര്‍.
ലൈഫ് പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വപ്ന ചോദിച്ചുവാങ്ങിയതായി സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിലൊരു ഫോണ്‍ ലഭിച്ചതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം രാഷ്ട്രീയ വിവാദവുമായി.
എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയ്സില്‍ അഞ്ചു ഫോണുകള്‍ക്കു പകരം ആറെണ്ണത്തിന്റെ ഐഎംഇഐ നമ്പറുകളുണ്ടായിരുന്നു. ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന 2 ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ചപ്പോഴാണ് അതിലൊന്നു യൂണിടാക് നല്കിയതാണെന്നു വ്യക്തമായത്. 99,900 രൂപയാണ് ഇതിന്റെ വില.