BREAKING NEWSKERALA

കെ സുരേന്ദ്രനെതിരെ ജയില്‍ വകുപ്പ്; മാപ്പ് പറയണം, അല്ലെങ്കില്‍ നിയമ നടപടി

സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നത് എങ്ങനെയെന്ന് ആദ്യം കണ്ടെത്താന്‍ വെല്ലുവിളിച്ച് സുരേന്ദ്രന്‍

തിരുവനന്തപുരം:ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജയില്‍ വകുപ്പ് നിയമ നടപടിയെടുത്തേക്കും. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച്മന്ത്രിമാര്‍ക്ക് വേണ്ടി നിരവധി പേര്‍ ജയിലില്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്ന പരാമര്‍ശത്തിലാണ് നടപടി.
മന്ത്രി തോമസ് ഐസക്കിനും മുഖ്യമന്ത്രിക്കും വേണ്ടിസ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ പലരും സന്ദര്‍ശിച്ചുവെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം. കൊഫെപോസെ കേസ് പ്രതിയെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് കസ്റ്റംസിന്റെ അനുമതി വാങ്ങിയില്ല. സന്ദര്‍ശന വിവരങ്ങള്‍ ജയില്‍ രജിസ്റ്ററില്‍ ഇല്ലെന്നും ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നൂറോളം പേര്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
കെ സുരേന്ദ്രന്റെ ഭാഗത്ത് നിന്നുണ്ടായത് ജയില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന സമീപനമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് വ്യക്തമാക്കി. വ്യക്തമായ ധാരണയില്ലാതെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചു.അന്വേഷണ ഏജന്‍സികളെ കൂടാതെ അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ശനാനുമതി നല്‍കിയത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ച് കസ്റ്റംസിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സന്ദര്‍ശകരെ അനുവദിച്ചത്. ജയില്‍ രജിസ്റ്ററും സിസി ടിവിയും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആരോപണം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയില്‍ മേധാവി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
എന്നാല്‍, മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ടു ജയിലില്‍നിന്ന് സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നത് എങ്ങനെയെന്ന് ആദ്യം കണ്ടെത്താന്‍ ജയില്‍ ഡിജിപിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ജയിലില്‍ നിയമം ലംഘിച്ച് സ്വപ്നയെക്കാണാന്‍ നിരവധി ആളുകള്‍ വരുന്നു എന്ന ആരോപണം ഉന്നയിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കെ. സുരേന്ദ്രന്‍ പറയുന്നു.
അത് അക്ഷരംപ്രതി ശരിവെക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജയിലില്‍ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. അതും മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ട്. ഡി. ജി. പി അതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ച് കണ്ടുപിടിക്കാനും സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു. അതുകഴിഞ്ഞിട്ടാവാം തനിക്കെതിരെയുള്ള ചന്ദ്രഹാസമെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker