BREAKINGKERALA

മലബാര്‍ സംസ്ഥാനം വേണമെന്ന ആവശ്യം അപകടകരം,കേരളം വിഭജിക്കാന്‍ നീക്കമുണ്ടായാല്‍ ബിജെപി ചെറുക്കുമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളം വിഭജിച്ച് മലബാര്‍ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളം വിഭജിക്കാന്‍ നീക്കമുണ്ടായാല്‍ എന്ത് വില കൊടുത്തും ബിജെപി ചെറുത്ത് നില്‍ക്കും. ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്ലിം പ്രീണനത്തിന്റെ അനന്തരഫലമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആവശ്യം സമസ്ത ഏറ്റെടുത്തിരിക്കുന്നു. ഇനി സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നിലപാട് കൂടി അറിഞ്ഞാല്‍ മതി. മതത്തിന്റെ പേരില്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ തന്നെ ഇനി സംസ്ഥാനമാണ് ഇവര്‍ ആവശ്യപ്പെടുകയെന്ന് ജനസംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുസ്ലിം ലീഗാണ് കേരളത്തെ വെട്ടിമുറിക്കാനുള്ള നീക്കങ്ങള്‍ക്ക് അണിയറയില്‍ ചരട് വലിക്കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരായവരുടെ പാരമ്പര്യമാണ് മുസ്ലിം ലീഗ് ഇപ്പോഴും പേറുന്നത്. കേരളത്തിന് ഒരു മുസ്ലിം മുഖ്യമന്ത്രിയെ ലഭിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മലബാറിനോടുള്ള മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ അവഗണനയ്ക്ക് മുസ്ലിം ലീഗും ഉത്തരവാദികളാണ്. യുഡിഎഫ് മന്ത്രിസഭയില്‍ എല്ലാ കാലത്തും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ലീഗായിരിന്നിട്ടും പ്ലസ് വണ്‍ സീറ്റിലെ കുറവ് പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. മലബാറിനെതിരെയുള്ള അവഗണനയ്‌ക്കെതിരെയുള്ള സമരത്തിന്റെ പേരില്‍ മത അജണ്ട തിരുകി കയറ്റാന്‍ അനുവദിക്കില്ല. മതമൗലികവാദികളുടെ നീക്കങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത കാണിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button