തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള സര്‍വകക്ഷി യോഗത്തിലെ ധാരണയെ എതിര്‍ത്ത് ബിജെപി. കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. കോവിഡ് അവസാനിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റുമോ. അങ്ങനെയാണെങ്കില്‍ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പും അടുത്തകാലത്തെങ്ങും നടക്കാന്‍ സാധ്യതയില്ലെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
ഡിസംബറിലോ ജനുവരിയിലോ തെരഞ്ഞെടുപ്പ് നടത്താമെന്ന് പറയുന്നത് പ്രായോഗികമായ കാര്യമല്ല. 65 വയസ്സു കഴിഞ്ഞ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റുമെന്ന് എന്താണ് ഉറപ്പുള്ളത്. സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണുകള്‍ കുറയുമെന്നും എന്താണ് ഉറപ്പുള്ളതെന്ന് കെ സുരേന്ദ്രന് ചോദിച്ചു.
ഇപ്പോള്‍ തന്നെ പഞ്ചായത്തുകളുടെ വികസനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ട് യുഡിഎഫും എല്‍ഡിഎഫും പുറത്തൊരു ധാരണയിലെത്തിയശേഷമാണ് സര്‍വകക്ഷിയോഗത്തിനെത്തിയത്. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ നേതാവ് യുക്തിരഹിതമായ ഒരു വാദം ഉന്നയിച്ചു. മുഖ്യമന്ത്രി അതിനോട് തത്വത്തില്‍ യോജിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും സുരേന്ദ്രന് പറഞ്ഞു.