തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പിന്നാലെ എന്‍ഐഎയും കസ്റ്റംസും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തേക്കുമെന്നു സൂചന. ഇതിനു മുന്നോടിയായി മന്ത്രി ഇ.ഡിക്ക് നല്കിയ മൊഴി ഇരു ഏജന്‍സികളും വിശദമായി പരിശോധിക്കും. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാകും മന്ത്രിയുടെ മൊഴിയെടുക്കുക. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം. നാളെത്തന്നെ വീണ്ടും ചോദ്യം ചെല്ലല്‍ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തു വന്നിരിക്കുന്നത്.
യു.എ.ഇ കോണ്‍സുലേറ്റ് വഴി കേരളത്തില്‍ മതഗ്രന്ഥങ്ങള്‍ എത്തിച്ചതിന്റെ മറവില്‍ കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്നാണ് ഏജന്‍സികള്‍ പരിശോധിക്കുന്നത്. കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഈ മൊഴി കോടതി തെളിവായി പരിഗണിക്കുന്നതിനാല്‍ പിന്നീട് മാറ്റിപ്പറയാനാകില്ല.
യു.എ.ഇ കോണ്‍സുലേറ്റ് വഴിയെത്തിയ ബാഗേജ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സി.ആപ്ടിന്റെ വാഹനത്തില്‍ മലപ്പുറത്ത് എത്തിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാഗേജിലുണ്ടായിരുന്നത് റംസാന് റിലീഫ് കിറ്റും മത ഗ്രന്ഥങ്ങളുമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ എത്തിയ ബഗേജിന്റെ തൂക്കത്തില്‍ വ്യത്യാസമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് മന്ത്രിയില്‍ നിന്നും മൊഴിയെടുക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ മന്ത്രി ജലീലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. ചോദ്യാവലി തയാറാക്കിയാകും ഇനി മൊഴി രേഖപ്പെടുത്തുക.
വെള്ളിയാഴ്ച രാവിലെ അതീവ രഹസ്യമായാണ് മന്ത്രി കെ.ടി ജലീല്‍ ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരായത്. മാധ്യമങ്ങള്‍ അറിയാതിരിക്കാന്‍ സുഹൃത്തിന്റെ സ്വകാര്യ വാഹനത്തില്‍ നമ്പര്‍ പ്ലേറ്റ് മറച്ചായിരുന്നു മന്ത്രിയുടെ യാത്ര. ഇ.ഡി ചോദ്യം ചെയ്ത സാഹചര്യത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരവും ആരംഭിച്ചിട്ടുണ്ട്.