കൊച്ചി: ഇടത് മുന്നണിയിലേക്കുള്ള കെ.വി.തോമസിന്റെ പാത കേരള കോണ്‍ഗ്രസ് (എം) വഴിയാണെന്ന് സൂചന. കോണ്‍ഗ്രസില്‍ ഇനി തെരഞ്ഞെടുപ്പ് മത്സരത്തിനുള്ള വഴികള്‍ അടഞ്ഞതോടെയാണ് കെ.വി.തോമസ് പുതിയ മാര്‍ഗം തേടുന്നത്. രാഷ്ട്രീയത്തില്‍ സജീവമായി നില്ക്കുക, സീറ്റ് നേടുക എന്ന രണ്ട് ആവശ്യങ്ങളും കേരള കോണ്‍ഗ്രസിലൂടെ സാധിക്കാന്‍ കഴിയുമെന്നാണ് തോമസ് മാഷ് കരുതുന്നത്. ജോസ് കെ.മാണി വിഭാഗത്തിന് ഒരു മുതിര്‍ന്ന നേതാവിന്റെ സാന്നിധ്യവും ഗുണം ചെയ്യും. പോരെങ്കില്‍ ജോസഫ് ഗ്രൂപ്പുമായുള്ള മത്സരത്തില്‍ കരുത്തര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നു എന്ന പ്രതീതി ഉണ്ടാക്കാനും കഴിയും.
ലീഡറുടെ ചാണക്യ ബുദ്ധി കണ്ടു പഠിച്ച കെ.വി.തോമസിന് കേരള കോണ്‍ഗ്രസ് പ്രവേശനം മധുരമായ പകരം വീട്ടലാണ്. കേരള കോണ്‍ഗ്രസിന്റെ കൈവശം രാജ്യസഭാ സീറ്റുണ്ട്. ഇനി എറണാകുളം നീയമസഭാ സീറ്റ് വേണമെങ്കില്‍ അതിനും മാര്‍ഗങ്ങളുണ്ട്. സ്ഥിരമായി സി പി എമ്മിന് നഷ്ടപ്പെടുന്ന സീറ്റ് കെ.വി.തോമസിലൂടെ വീണ്ടെടുക്കാന്‍ കഴിയുമെങ്കില്‍ പാര്‍ട്ടിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. ഏതായാലും നീയമസഭയില്‍ എത്തുക എന്നതിന് തന്നെയാണ് തോമസ് മാഷ് മുന്‍തൂക്കം കൊടുക്കുന്നത്. എറണാകുളത്തുകാര്‍ക്ക് മാഷിനോളം പരിചിതനായ സ്ഥാനാര്‍ത്ഥിയില്ല. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും ഒട്ടും പിന്നിലല്ല. അതു കൊണ്ട് യു.ഡി.എഫിന് മാഷുമായുള്ള ഏറ്റുമുട്ടല്‍ നിസാരമായി കാണാന്‍ കഴിയില്ല. കത്തോലിക്ക സമുദായാംഗം ആണെന്നതും കെ.വി.തോമസിന് അനുകൂലമാണ്.
കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് ഇനി ഒരു തെരഞ്ഞെടുപ്പ് മത്സരം അത്ര എളുപ്പമല്ലെന്ന് കെ.വി.തോമസ് തിരച്ചറിഞ്ഞു കഴിഞ്ഞു. പഴയ ബഹുമാനങ്ങള്‍ മാറ്റിവച്ചു കൊണ്ട് പരസ്യ വിമര്‍ശനത്തിനും നേതാക്കള്‍ തയ്യാറായിത്തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പുനഃസംഘടനയിലും സ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് പ്രൊഫ.കെ.വി.തോമസ് നടത്തുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. ഇനി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ടതില്ല. 35 വര്‍ഷം എംപിയും എംഎല്‍എയും ആയ ആള് ഇനിയും സ്ഥാനമാനങ്ങള്‍ ചോദിക്കുന്നത് അപാരമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് നടക്കുമ്പോഴൊക്കെ കെ.വി.തോമസ് അസ്വസ്ഥനായിട്ട് കാര്യമില്ലെന്നാണ് എന്‍.വേണുഗോപാല്‍ പറയുന്നത്. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് നിരവധി സ്ഥാനത്ത് കെ.വി.തോമസ് എത്തിയിട്ടുണ്ട്. എംപി, എംഎല്‍എ, സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി, പിഎസി ചെയര്മാന് തുടങ്ങി തോമസ് മാഷ് ഇരിക്കാത്ത രാഷ്ട്രീയ കസേരകള്‍ കുറവാണ്.പാര്‍ട്ടിയ്ക്കായി കാര്യമായി എന്തെങ്കിലും ഇന്‍വെസ്റ്റ് ചെയ്തിട്ടല്ല കെ.വി.തോമസിന് സ്ഥാനങ്ങള്‍ നല്‍കിയതെന്നും വേണുഗോപാല്‍ തുറന്നടിക്കുന്നു.
ഇത്തരം വിമര്‍ശനങ്ങള്‍ സഹിച്ച് പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്നാണ് കെ.വി.തോമസിന്റെ തീരുമാനം. സി പി എം വഴി നേരിട്ട് ഇടതുമുന്നണിയിലേക്ക് എത്തുന്നതിനേക്കാള്‍ രാഷ്ട്രീയമായി ഗുണം ചെയ്യുക കേരള കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനമാണ്. അതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. നാളെ എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇനിയുള്ള നീക്കങ്ങള്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.