തൃശ്ശൂര്‍: കോങ്ങാട് എംഎല്‍എയും സിപിഎം നേതാവുമായ കെ.വി വിജയദാസ് (61) അന്തരിച്ചു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് 7.45 ഓടെയാണ് മരിച്ചത്.
കോവിഡ് നെഗറ്റീവായശേഷം അദ്ദേഹത്തിന് ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. ഒരു മാസത്തിലധികം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ അടുത്തിടെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. 2011 ലും 2016 ലും കോങ്ങാട് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കേരള കര്‍ഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത അദ്ദേഹം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഏഷ്യയില്‍ ആദ്യമായി ഒരു ജലവൈദ്യുത പദ്ധതി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്നത് അദ്ദേഹത്തിന്റെ കാലത്താണ്. 2011 ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.