BREAKING NEWSKERALA

ശബരിമല: കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ സി.പി.എമ്മില്‍ അതൃപ്തി

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശബരിമല ഖേദപ്രകടനം അനവസരത്തിലെ പ്രയോഗമായെന്ന് സി.പി.എം. നേതാക്കള്‍. ശബരിമല വിഷയം ആവര്‍ത്തിച്ച് ഉന്നയിക്കാന്‍ യു.ഡി.എഫിനും ബി.ജെ.പി.ക്കും അവസരം നല്‍കുന്നതാണിതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കോണ്‍ഗ്രസാണ് ശബരിമല വീണ്ടും തിരഞ്ഞെടുപ്പുവിഷയമായി ഉന്നയിച്ചുതുടങ്ങിയത്. ഇതില്‍ പാര്‍ട്ടിനിലപാട് വ്യക്തമാക്കിയതോടെ ആ ചര്‍ച്ചയുടെ ശക്തി നിലച്ചതാണ്. കടകംപള്ളിയുടെ ഖേദപ്രകടനം പ്രതിപക്ഷത്തിന് വീണ്ടും ആയുധം നല്‍കാനേ വഴിയൊരുക്കൂ എന്നാണ് സി.പി.എം. നേതാക്കളുടെ പ്രതികരണം.
ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച ചര്‍ച്ച ഉയരാന്‍ ഇടനല്‍കരുതെന്നായിരുന്നു സി.പി.എം. നേരത്തേ തീരുമാനിച്ചത്. വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചപ്പോള്‍, അതിനോട് അകലംപാലിച്ചാണ് സി.പി.എം. തുടക്കത്തില്‍നിന്നത്. വിശ്വാസസംരക്ഷണ നിയമത്തിന്റെ കരട് പുറത്തുവിട്ട് കോണ്‍ഗ്രസ് കയറിക്കളിച്ചപ്പോഴാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതിവിധി വരട്ടെയെന്നും അത് നടപ്പാക്കുന്നത് ചര്‍ച്ചചെയ്തും സമവായത്തിലൂടെയും ആകമെന്നായിരുന്നു സി.പി.എം. വിശദീകരണം.
ശബരിമലയില്‍ യുവതികള്‍ കയറിയതിനെക്കുറിച്ച് മിണ്ടാതെ പുതിയ സാഹചര്യം നേരിടുന്നത് എങ്ങനെയാകുമെന്നതില്‍മാത്രം വിശദീകരണം നല്‍കിയാണ് സി.പി.എം. ഇതുസംബന്ധിച്ച ചര്‍ച്ച അവസാനിപ്പിച്ചത്. നവോത്ഥാനവാദവും ആവര്‍ത്തിച്ചില്ല. ശബരിമലയില്‍ യുവതികള്‍ കയറാനിടയായതില്‍ ഖേദമുണ്ടെന്ന് ദേവസ്വംമന്ത്രിതന്നെ തുറന്നുപറഞ്ഞത്, പാര്‍ട്ടിനിലപാട് തെറ്റായിപ്പോയെന്ന് സമ്മതിക്കുന്നതിന് തുല്യമായെന്നാണ് നേതാക്കള്‍ പറയുന്നത്.
കടകംപള്ളിയുടെ പരാമര്‍ശം സംബന്ധിച്ച് കൂടുതല്‍ പ്രതികരണം വേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. ശബരിമല ‘സെറ്റില്‍’ ചെയ്ത വിഷയമാണെന്നായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചത്. വിമര്‍ശിക്കാന്‍ എന്‍.എസ്.എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളിയുടെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയത്തില്‍ പാര്‍ട്ടി നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്നും ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിനിലപാടില്‍ ഒരുമാറ്റവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Related Articles

Back to top button