തിരുവനന്തപുരം: കുളത്തൂര്‍ ഗവണ്മെന്റ് സ്കൂളിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് ബിജെപി പരാതി നല്കി. പണം കരാറുകാരന് കൈമാറിയിട്ടില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപളളി സുരേന്ദ്രന് വ്യക്തമാക്കി.
മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വന്തം മണ്ഡലത്തില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയമാണ് വിവാദത്തിലായത്. 1200 സ്ക്വയര്‍ ഫീറ്റില്‍ ഓപ്പണ്‍ ഓഡിറ്റോറിയവും രണ്ട് ഗ്രീന്‍ റൂമുകളും ശുചിമുറികളുമടക്കമുള്ള കെട്ടിടത്തിനാണ് 35 ലക്ഷം കാണിച്ചിരിക്കുന്നത്. ഷീറ്റ് കൊണ്ടാണ് ഓപ്പണ്‍ സ്റ്റേജിന് മേല്‍ക്കൂര, നിലത്ത് സിമന്റ് ഇട്ടിരിക്കുന്നു.
ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ക്ക് 5 ലക്ഷം രൂപ മാത്രമാവുമ്പോള്‍ ഓഡിറ്റോറിയം നിര്‍മാണത്തില്‍ നടന്നത് വന്‍ അഴിമതിയാണെന്ന് കാണിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തു വന്നിരുന്നു. പിന്നാലെയാണ് വിജിലന്‍സില്‍ ബിജെപിയുടെ പരാതി. അന്വേഷണത്തിലൂടെ അഴിമതിയുണ്ടെങ്കില്‍ പുറത്തുവരട്ടെയെന്നാണ് കടകംപളളിയുടെ നിലപാട്.വിമര്‍ശനങ്ങളുയര്‍ന്നതോടെ മന്ത്രി കടകംപള്ളി പൊതുമരമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. അതേസമയം പത്ത് നിലക്കുള്ള ബേസ്മെന്റ് ഇട്ടതിനാലാണ് ഇത്രയും തുകയായതതെന്നാണ് നിര്‍മാണ ചുമതലയുണ്ടായിരുന്ന കരാറുകാരന് പറയുന്നത്.