KERALALATEST

കയ്പമംഗലം ജൂവലറി മോഷണം: കള്ളന്‍ കയറി, പക്ഷേ കടയില്‍ സ്വര്‍ണമില്ലായിരുന്നു… പിന്നെ സംഭവിച്ചതോ?

കയ്പമംഗലം (തൃശ്ശൂര്‍): മൂന്നുപീടികയിലെ ജൂവലറി കവര്‍ച്ചക്കേസില്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ്. മോഷണം നടന്നുവെന്നു പറയുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജൂവലറിയില്‍ സ്വര്‍ണം ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഉടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യംചെയ്തതില്‍നിന്നാണ് ഈ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്.
ജൂവലറിയുടെ ഭിത്തി കുത്തിത്തുരന്ന് ആരോ അകത്തുകടന്നിട്ടുണ്ടെന്നത് ശരിയാണെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. എന്നാല്‍, ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. അതേസമയം കടയിലെ സെയില്‍സ് കൗണ്ടറിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങള്‍ സ്വര്‍ണമായിരുന്നില്ല.
ആറുകിലോ സ്വര്‍ണം സ്റ്റോക്കുണ്ടെന്നു കാണിച്ച് ബാങ്കില്‍നിന്ന് ഉടമ വന്‍തുക വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയ്ക്ക് ബാങ്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. സ്വര്‍ണം നഷ്ടപ്പെട്ടതായി കാണിച്ച് വായ്പതിരിച്ചടവില്‍നിന്ന് രക്ഷപ്പെടാനായി ഉടമ കെട്ടിച്ചമച്ച കഥയാണോ മോഷണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. നിരവധിയാളുകളില്‍നിന്നും പണം നിക്ഷേപമായി സ്വീകരിച്ച് പലവിധ ബിസിനസുകള്‍ നടത്തിയ ഉടമയ്ക്ക് ഇതില്‍ കനത്ത നഷ്ടം സംഭവിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ജൂവലറിയുടെ ഭിത്തി തുരന്ന് അകത്തുകടന്നത് ആരാണെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. മാതൃഭൂമിയോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് ജൂവലറി മോഷണക്കഥ പുറത്തറിയുന്നത്. ആറുമാസമായി കച്ചവടവും ആളനക്കവുമില്ലാതെ കിടന്ന ഗോള്‍ഡ് ഹാര്‍ട്ട് ജൂവലറി കുത്തിത്തുരന്ന്് മൂന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്നുവെന്നാണ് പരാതി.
രാവിലെ കടതുറന്ന ഉടമയും മാനേജരും ഭിത്തി തുരന്നതായി കണ്ടെന്നും ഉടന്‍ പോലീസില്‍ പരാതി നല്‍കിയെന്നുമായിരുന്നു വിവരം. ലോക്കറില്‍ സൂക്ഷിച്ചിരുന്ന മൂന്നുകിലോ 120 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് ഉടമ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് എസ്.പി. ഉള്‍പ്പെടെയുള്ള ഉന്നതസംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വഴിത്തിരിവുണ്ടായത്.

Tags

Related Articles

Back to top button
Close