ന്യൂഡല്‍ഹി: ബിജെപിയുമായി കൂട്ടുചേര്‍ന്നെന്ന പരാമര്‍ശത്തില്‍ പരസ്യമായി എതിര്‍പ്പുയര്‍ത്തിയ കപില്‍ സിബലിനെ നേരിട്ടു വിളിച്ച് അനുനയിപ്പിച്ച് രാഹുല്‍ ഗാ്ന്ധി. താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ നേരിട്ടു വിശദീകരിച്ചതായും അതിന്റെ പേരില്‍ രാഹുലിനെതിരെയിട്ട ട്വീറ്റ് പിന്‍വലിക്കുന്നതായും കപില്‍ സിബല്‍ അറിയിച്ചു.
പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലായപ്പോള്‍ നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കുകയാണ് ചെയ്തതെന്ന രാഹുലിന്റെ പരാമര്‍ശമാണ് സിബലിനെ ചൊടിപ്പിച്ചത്. താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ നേരിട്ടു വിളിച്ചു വിശദീകരിച്ചതായി സിബല്‍ പറഞ്ഞു.
സോണിയ അസുഖബാധിതയായി കഴിഞ്ഞപ്പോഴാണ് നേതാക്കള്‍ കത്തെഴുതിയതെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് രാജസ്ഥാനില്‍ പ്രതിസന്ധി നേരിട്ട ഘട്ടത്തിലായിരുന്നു അത്. അത്തരമൊരു അവസ്ഥയില്‍ ഇങ്ങനെയൊരു കത്തെഴുതിയത് ഉചിതമായില്ല. മാധ്യമങ്ങളിലൂടെയല്ല, പ്രവര്‍ത്തകസമിതി ചേര്‍ന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ” രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്നു രാഹുല്‍ യോഗത്തില്‍ പറഞ്ഞതു പരാമര്‍ശിച്ച് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തിരുന്നു. രാജസ്ഥാന് ഹൈക്കോടതിയില്‍ കോണ്‍ഗ്രസിന്റെ പക്ഷം പറയുന്നതില്‍ താന്‍ വിജയിച്ചു, മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി, കഴിഞ്ഞ മുപ്പതു വര്‍ഷമായി ഒരു വരിപോലും ബിജെപിയെ അനുകൂലിച്ചു പറഞ്ഞിട്ടില്ല, എന്നിട്ടും ബിജെപിയുമായി ധാരണയുണ്ടാക്കി എന്നാണ് പറയുന്നതെന്ന് സിബല്‍ ട്വീറ്റ് ചെയ്തു. അങ്ങനെ പറഞ്ഞിട്ടില്ലെന്നു രാഹുല്‍ നേരിട്ട് അറിയിച്ചത് അനുസരിച്ച് ട്വീറ്റ് പിന്‍വലിക്കുകയാണെന്ന് സിബില്‍ പിന്നീട് അറിയിച്ചു.