BREAKINGKERALA
Trending

മാന്നാര്‍ കൊലപാതകക്കേസ്; ‘കൂടുതല്‍ പേര്‍ക്ക് പങ്കുണ്ട്’, അനിലിന്റെ കുടുംബത്തെ ചോദ്യം ചെയ്യണമെന്ന് കലയുടെ സഹോദരന്‍

ആലപ്പുഴ: മാന്നാര്‍ കല കൊലപാതകക്കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കലയുടെ സഹോദരന്‍ അനില്‍കുമാര്‍. ഒന്നും പ്രതിയായ അനിലിന്റെ കുടുംബത്തിനും കേസില്‍ പങ്കുണ്ടെന്ന് അനില്‍ കുമാര്‍ ആരോപിച്ചു. അനിലിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യണം. കേസില്‍ സാക്ഷിയായ സുരേഷിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകം അറിഞ്ഞിട്ട് ഇത്രയും വര്‍ഷം എന്തിന് സുരേഷ് മറച്ചു വെച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ട്. പ്രതികള്‍ക്ക് ശിക്ഷ കിട്ടും എന്നാണ് വിശ്വസിക്കുന്നതെന്നും അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം, കേസില്‍ കൂടുതല്‍ തെളിവ് ശേഖരണത്തിനാണ് പൊലീസിന്റെ നീക്കം. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 21 അംഗ സംഘത്തെയാണ് കേസന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാര്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയില്‍ ഉള്‍പ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ ഒന്നാം പ്രതിയായ കലയുടെ ഭര്‍ത്താവ് അനിലിനെ ഇസ്രായേലില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്.
കേസില്‍ നാല് പ്രതികളെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഭര്‍ത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നാല് പേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. യുവതിയെ പതിനഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.

Related Articles

Back to top button