ആലപ്പുഴ: മാന്നാര്‍ കല കൊലപാതകക്കേസില്‍ ഭര്‍ത്താവ് അനില്‍കുമാറിനെ ഇസ്രയേലില്‍ നിന്നും തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ച് പൊലീസ്. ഇന്റര്‍പോളിന് വിവരങ്ങള്‍ കൈമാറിയതായും പൊലീസ് അറിയിച്ചു. കേസില്‍ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തല്‍. മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.
ഇവര്‍ നാലുപേരും ചേര്‍ന്ന് പതിനഞ്ച് വര്‍ഷം മുന്‍പ് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. വലിയപെരുമ്പുഴ പാലത്തില്‍ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിര്‍ണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയല്‍വാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതില്‍ നിര്‍ണായകമായത്. ഊമക്കത്തില്‍ നിന്ന് ലഭിച്ച സൂചനകള്‍ പിന്തുടര്‍ന്ന പൊലീസിന് ഏറെ സഹായമായതും സുരേഷ് നല്‍കിയ വിവരങ്ങളാണ്.