WEEKEND SPECIAL

കലാമണ്ഡലം ക്ഷേമാവതി; അരങ്ങിലും കളരിയിലും അര നൂറ്റാണ്ട്

റവ.ജോര്‍ജ് മാത്യു പുതുപ്പള്ളി

‘ഇപ്പോഴത്തെ നിലയ്ക്കു പോയാല്‍ അധികം താമസിയാതെ കലാമത്സരങ്ങളുടെ പാവനത്വം ഇല്ലാതാകും’. അരങ്ങിലും കളരിയിലും അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതിയുടെ വാക്കുകളാണിത്.
1948ല്‍ തൃശൂരിലെ പുരാതനമായ ഒരു കലാകുടുംബത്തിലാണ് ക്ഷേമാവതി ജനിച്ചത്. യാരോ ഒരാള്‍, ഉപ്പ്, ഉത്തരം എന്നീ മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവിത്രനാണ് ക്ഷേമാവതിയുടെ ഭര്‍ത്താവ്. ഈവും ലക്ഷ്മീദേവിയുമാണ് മക്കള്‍. കേരള കലാമണ്ഡലത്തില്‍ നൃത്ത വിഷയങ്ങളില്‍ അവഗാഹം നേടുവാന്‍ ഭാഗ്യം ലഭിച്ചു. കുച്ചിപ്പുഡിയിലും ഭരതനാട്യത്തിലും മോഹിനിയാട്ടത്തിനു നല്‍കിയ മികച്ച സംഭാവനകളെ മാനിച്ച് 2011ല്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന പ്രതിഭാ പാട്ടിലില്‍ നിന്ന് പത്മശ്രീ അവാര്‍ഡ് സ്വീകരിച്ചു. 29ാം വയസില്‍ ഭരതനാട്യത്തിനു നല്‍കിയ സംഭാവനകള്‍ക്ക് കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടായി. 1993ല്‍ മോഹിനിയാട്ടത്തിനുള്ള കലാമണ്ഡലം അവാര്‍ഡും ക്ഷേമാവതിക്കായിരുന്നു. 2008ല്‍ നൃത്തനാട്യ പുരസ്‌കാരവും ലഭിച്ചു.
പതിനൊന്നാം വയസിലാണ് ക്ഷേമാവതി കേരള കലാമണ്ഡലത്തില്‍ ചേരുന്നത്. ഇന്റര്‍വ്യൂ നടത്തിയത് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ കാളീയമര്‍ദനം അവതരിപ്പിച്ച് ക്ഷേമാവതി വള്ളത്തോളിന്റെ മുക്തകണ്ഠമായ പ്രശംസ നേടിയെടുത്തു. അഞ്ച് വര്‍ഷം അവിടെ പഠിച്ച് കുച്ചിപ്പുഡിയിലും ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും വൈദഗ്ദ്യം കരസ്ഥമാക്കി. ചെന്നൈയില്‍ നിരവധി വേദികളില്‍ പരിപാടി കള്‍ അവതരിപ്പിക്കുകയുണ്ടായി.
1973ല്‍ ബര്‍ലിനില്‍ നടന്ന പത്താമത് ലോകയുവജനോത്സവത്തിലും ക്ഷേമാവതി നൃത്തമവതരിപ്പിച്ചിട്ടുണ്ട്. ഭാരതത്തില്‍ നിന്നുള്ള 200 പ്രതിനിധികളില്‍ നിന്ന് 10 പേരെ മോസ്‌കോ, താഷ്‌കന്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുവാന്‍ തിരഞ്ഞെടുത്തപ്പോള്‍ ക്ഷേമാവതിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആദ്യമായി നടത്തിയ ആ വിദേശയാത്രയില്‍ ആദ്യമൊക്കെ അല്‍പം ഭയവും പകപ്പും അനുഭവപ്പെട്ടെങ്കിലും റഷ്യക്കാരികളുടെ സ്‌നേഹമസൃണമായ പെരുമാറ്റത്തില്‍ അതെല്ലാം അലിഞ്ഞുപോയി.
1975ല്‍ ഭരതനാട്യത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ആയി ലഭിച്ചത് ആയിരം രൂപയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു തുകയായി ആ അവാര്‍ഡിനെ അവര്‍ വിലയിരുത്തിയിരുന്നു. 1981ല്‍ പാരീസില്‍ പോകുവാനും അവിടെ മോഹിനിയാട്ടം അവതരിപ്പിക്കുവാനും കലാമണ്ഡലം ക്ഷേമാവതിക്ക് സാധിച്ചു. 1980 ജൂണ്‍ 4നായിരുന്നു പവിത്രന്റെയും ക്ഷേമാവതിയുടെയും വിവാഹം. വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ അല്‍പവും കൈകടത്താത്ത ആളായിരുന്നു പവിത്രനെന്ന് ക്ഷേമാവതിഓര്‍മ്മിക്കുന്നു. കലാവാസനയെ അദ്ദേഹം അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്നു. ആര്‍ട്ട് ഫിലിം കാണാന്‍ തുടങ്ങിയതും വിവാഹത്തിനു ശേഷമായിരുന്നുവത്രെ. ചെന്നൈയിലും വെമ്പട്ടി ചിന്നസത്യം കുച്ചിപ്പുഡി ആര്‍ട്ട് അക്കാദമിയിലെ പഠനവും കൂര്‍ക്കഞ്ചേരി ഗംഗാധരന്‍ മാസ്റ്ററുടെ പ്രോത്സാഹനവും ക്ഷേമാവതി നന്ദിയോടെ അനുസ്മരിക്കുന്നു.

Tags

Related Articles

Back to top button
Close