BREAKING NEWSKERALA

നമ്പര്‍ വണ്‍ കേരളം ഞെട്ടണം… കോവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചു, നഴ്‌സിങ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ ചിലര്‍ക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തല്‍. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിന്റെ ഭാഗമാണ് പുറത്ത് വന്നത്.
കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആര്‍എംഒ നഴ്‌സിംഗ് ഓഫീസറുടെയും ഹെഡ് നഴ്‌സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. നഴ്‌സുമാരുടെ അശ്രദ്ധകൊണ്ട് പലര്‍ക്കും മരണം സംഭവിക്കുന്നു എന്നാണ് സന്ദേശത്തിലുള്ളത്.
ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്‌സിജന്‍ മാസ്‌ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ജലജ ദേവി പറയുന്നു. ചിലരുടെ വെന്റിലേറ്റര്‍ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ. ഇക്കാര്യങ്ങള്‍ കണ്ടെത്തിയ ഡോക്ടര്‍മാര്‍ നഴ്‌സുമാരെ സഹായിക്കാന്‍ ഇതു വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നും സന്ദേശത്തിലുണ്ട്.
കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ മരണത്തെക്കുറിച്ചും ജലജ ദേവി പ്രത്യേകം സൂചിപ്പിക്കുന്നു. ‘വാര്‍ഡിലേക്ക് മാറ്റാവുന്ന രീതിയില്‍ സുഖപ്പെട്ട രോഗി അശ്രദ്ധമൂലമാണ് മരിച്ചത്. ഡോക്ടര്‍മാര്‍ ഇടപെട്ട് വിവരങ്ങള്‍ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാല്‍ മാത്രമാണ് ജീവനക്കാര്‍ രക്ഷപ്പെട്ടതെന്നും ജലജ ദേവി പറയുന്നു.
ഹാരിസിന്റെ മരണത്തില്‍ ബന്ധുക്കള്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. മരിച്ച ദിവസം ഹാരിസ് വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മോശമായിരുന്നില്ലെന്നും നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹാരിസിന്റെ ബന്ധുക്കള്‍ പറഞ്ഞു.
കൊവിഡ് ചികിത്സ രംഗത്ത് ഏറെ പ്രശംസ പിടിച്ചു പറ്റിയ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഇത്തരത്തിലൊരു സന്ദേശം വന്നത് ഏറെ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സന്ദേശത്തിന്റെ നിജസ്ഥിതിയെക്കുറിച്ചും അതില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി.

അടിയന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്

കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് വാര്‍ഡുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ ചിലര്‍ ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചുവെന്ന നഴ്‌സിംഗ് ഓഫീസറുടെ ആരോപണത്തില്‍ ആരോഗ്യവകുപ്പ് അടിയന്തര അന്വേഷണം നടത്തും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടു.
കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ ചിലര്‍ക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവി വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Related Articles

Back to top button