KERALALATEST

കോവിഡ് രോഗിയുടെ മരണം; കളമശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയുടെ മരണകാരണം ആശുപത്രി ജീവനക്കാരുടെ അനാസ്ഥയല്ലെന്നു പൊലീസ്. ചികിത്സയിലിരിക്കെ ജൂലൈ 24ന് പള്ളുരുത്തി സ്വദേശി ഹാരിസ് (51) മരിച്ചതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ കളമശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയശേഷം നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘പരാതിയില്‍ നിയമനടപടി സ്വീകരിക്കത്തക്ക വീഴ്ച മെഡിക്കല്‍ കോളജ് സ്റ്റാഫിന്റെയോ അധികൃതരുടെയോ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല’ എന്നു കത്തില്‍ പറയുന്നു. ഹാരിസിന്റെ മരണം ഓക്‌സിജന്‍ മാസ്‌ക് മാറിയിട്ടാണെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് സൂപ്രണ്ട് കീഴ്ജീവനക്കാര്‍ക്കയച്ച ഓഡിയോ പുറത്തുവന്നതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
തൊട്ടുപിന്നാലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ഡോക്ടര്‍ നജ്മയും ഈ ആരോപണം ശരിയാകാമെന്ന് വ്യക്തമാക്കി തന്റെ അനുഭവം പങ്കുവച്ചതോടെ സംഭവം വിവാദമായി. ഓഡിയോ സന്ദേശമയച്ച നഴ്‌സിങ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹാരിസ് മരിച്ച ദിവസം വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍, ആക്ഷേപം ഉന്നയിച്ച നഴ്‌സിങ് ഓഫിസര്‍, ഡോ. നജ്മ, പരാതിക്കാര്‍ തുടങ്ങിയവരുടെ മൊഴി പൊലീസ് ശേഖരിച്ചിരുന്നു.
ചികിത്സയില്‍ വീഴ്ചയുണ്ടായെന്നു ബോധ്യപ്പെടുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു കാണിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കി എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. തുടര്‍ നടപടിയായാണു പരാതിക്കാരന് തുടരന്വേഷണം ഉണ്ടാവില്ലെന്നു വ്യക്തമാക്കുന്ന കത്ത് നല്‍കിയത്.
റിപ്പോര്‍ട്ട് ആശുപത്രി അധികൃതരുടെ മുഖം രക്ഷിക്കാനാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി

Related Articles

Back to top button