തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയില്‍ 4 വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടു സംവിധായകന് കമല്‍ സര്‍ക്കാരിന് എഴുതിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പുറത്ത് വിട്ടു.
ഫെസ്റ്റിവല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ റിജോയ് കെ ജെ, പ്രോഗ്രാംസ് ഡപ്യൂട്ടി ഡയറക്ട എന്‍ പി സജീഷ്, പ്രോഗ്രാം മാനേജര്‍ വിമല്‍കുമാര്‍ വി പി എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമലിന്റെ ആവശ്യം. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 4 പേരെയും സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സര്‍ക്കാരിനും ചലച്ചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കൊണ്ട് അക്കാദമിക്ക് സാമ്പത്തിക ബാധ്യത വരില്ല. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് നാലുപേരെയും തെരഞ്ഞെടുത്തിരിക്കുന്നത്. അക്കാദമിയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഈ 4 ജീവനക്കാരുടെ വലിയ സംഭാവനകളുണ്ട്. ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്നും സാംസ്കാരിക മന്ത്രി എ.കെ. ബാലന് നല്കിയ കത്തില്‍ വ്യക്തമാക്കുന്നു.
കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നയമസഭയില് ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ഇടതുപക്ഷാനുഭാവികളെ തിരുകിക്കയറ്റുന്നത് നഗ്നമായ ചട്ടലംഘനമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.