വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് കമലാ ഹാരിസ്. ഇന്ന് രാവിലെയാണ് ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റ് ഒബാമ, ഹിലരി ക്ലിന്റണ് എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കമലാ ഹാരിസ് ട്രംപ് ഭരണകൂടത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഒരു നേതാവെന്ന നിലയില്‍ ഡോണള്‍ഡ് ട്രംപ് വന്‍ പരാജയമാണെന്ന് പറഞ്ഞ അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
വംശീയക്കെതിരായ പരാമര്‍ശങ്ങള്‍ നിറഞ്ഞതായിരുന്ന കമലാ ഹാരിന്റെ പ്രസംഗം. അടുത്ത് കാലത്ത് വംശീയതയുടെ പേരില്‍ നടന്ന സംഘര്‍ഷങ്ങളെല്ലാം പരാമര്‍ശിച്ചുകൊണ്ടാണ് അവര്‍ സംസാരിച്ചത്. ‘വംശീയക്കെതിരെ ഒരു വാക്സിനും നിലവിലില്ല. ജോര്‍ജ്ജ് ഫ്ലോയിഡിനും, ബ്രിയോണ ടെയ്ലറിനും, നമ്മുടെ കുട്ടികള്‍ക്കും നമുക്കെല്ലാവര്‍ക്കും തുല്ല്യ നീതി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മള് ചെയ്യേണ്ടതുണ്ട്. നമ്മളെല്ലാവരും സ്വതന്ത്രരാകുന്നതുവരെ നമ്മളാരും സ്വതന്ത്രരല്ല.’ കമല ഹാരിസ് പറഞ്ഞു.
തന്റെ അമ്മ ഉള്‍പ്പടെയുളള എല്ലാ സ്ത്രീകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ടുളള പ്രസംഗം കമല ആരംഭിച്ചത്. എല്ലാ വിഭാഗത്തിലുമുളള ആളുകളുടെയും പോരാട്ടങ്ങളെ കുറിച്ച് അറിവുളളവളും അനുകമ്പയുളളവളുമാകാന്‍ പഠിപ്പിച്ച് തന്നെ പൊതുസേവനത്തിന്റെ പാതയിലേക്ക് നയിച്ചത് അമ്മയാണെന്ന് അവര്‍ പറഞ്ഞു. അമേരിക്കയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച കമല ദയയും സ്നേഹവും മനുഷ്യത്വവുമുളള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.