വാഷിങ്ടണ്‍: ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി കമല ഹാരിസിനെ ദുര്‍ഗ ദേവിയായി ചിത്രീകരിച്ചു കൊണ്ടുളള ചിത്രം ട്വീറ്റ് ചെയ്ത കമലയുടെ അനന്തരവള്‍ മീന ഹാരിസിനോട് ക്ഷമാപണം നടത്താനാവശ്യപ്പെട്ട് യു.എസിലെ ഹിന്ദു സംഘടനകള്‍. ചിത്രം വിവാദമായതിനെ തുടര്‍ന്ന് മീന ട്വീറ്റ് നീക്കം ചെയ്തു. അഭിഭാഷകയും കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവും ഫിലമെനല് വുമണ്‍ ആക്ഷന്‍ ക്യാമ്പെയിന്റെ സ്ഥാപകയുമാണ് മീന ഹാരിസ്.
ദുര്‍ഗയെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ലോകമെമ്പാടുമുളള ഹിന്ദുക്കളെ വേദനിപ്പിച്ചെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷ(എച്ച്.എ.എഫ്.)നിലെ സുഹാഗ് എ. ശുക്ല ട്വീറ്റ് ചെയ്തു. ഹിന്ദു അമേരിക്കന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന എച്ച്.എഫ്.എ. മതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും പുറത്തിയിക്കിട്ടുണ്ട്.
മീന ട്വീറ്റ് ചെയ്ത ചിത്രം അവര്‍ സൃഷ്ടിച്ചതല്ലെന്നും അവര്‍ ട്വീറ്റ് ചെയ്യുന്നതിന് വളരെ മുമ്പേ തന്നെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചിത്രം പ്രചരിച്ചിരുന്നുവെന്നും ഹിന്ദു അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി അംഗമായ ഋഷി ഭുട്ടാഡ പറഞ്ഞു. തങ്ങളല്ല ചിത്രം സൃഷ്ടിച്ചതെന്ന് ബൈഡന് ക്യാമ്പെയ്ന് സ്ഥിരീകരിച്ചതായും ഋഷി അറിയിച്ചു.
‘ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഇക്കാര്യത്തില്‍ മീന ക്ഷമാപണം നടത്തണമെന്നാണ് ഞാന്‍ കരുതുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തിനായി മതപരമായ ആരാധനാരൂപങ്ങള്‍ ഉപയോഗിക്കാന്‍ പാടുളളതല്ല.2018ല്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജി.ഒ.പി. ഒരു പരസ്യത്തിനായി ഇപ്രകാരം തയ്യാറാക്കിയപ്പോഴും ഇതേ കാര്യം പറഞ്ഞിരുന്നു.’ ഋഷി പറയുന്നു.
മീന ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ദുര്‍ഗ ദേവിയായി ചിത്രീകരിച്ചിരിക്കുന്ന കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെ ദേവിയുടെ വാഹനമായ സിംഹമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
‘ഹിന്ദുക്കളെ പരിഹസിച്ചുകൊണ്ട് വോട്ട് നേടാമെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ ഒരിക്കല്‍ കൂടി ചിന്തിക്കണം. ഈ ചിത്രം അങ്ങേയറ്റം കുറ്റകരവും ഹിന്ദുക്കളെ അപമാനിക്കുന്നതുമാണ്. പരിഹസിക്കാനും നിസ്സാരവല്ക്കരിക്കാനുമുളളതല്ല ഞങ്ങളുടെ ദിവ്യത്വം. തന്നെയുമല്ല മാപ്പുപോലും ചോദിക്കാതെ നിങ്ങളത് നീക്കം ചെയ്യുകയും ചെയ്തു? പ്രശസ്ത എഴുത്തുകാരന് ഷെഫാലി വൈദ്യ അഭിപ്രായപ്പെട്ടു.
നവരാത്രി ആരംഭിക്കുന്ന ദിവസം യു.എസിലെ ഹിന്ദു സമൂഹത്തെ ജോ ബൈഡനും അഭിവാദ്യം ചെയ്തിരുന്നു. തിന്മക്കെതിരായ നന്മയുടെ വിജയത്തിനായി അവര്‍ ആശംസകളും നേര്‍ന്നിരുന്നു.