അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് കമല ഹാരിസ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന നേട്ടമാണ് കമല കൈവരിച്ചിരിക്കുന്നത്. ഈ ഉന്നത പദവിയിലെത്തിയിരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് കമല.
അമ്മ വഴിയാണ് കമലയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം. 1964 ഒക്ടോബര്‍ 20ന് കാലിഫോര്‍ണിയയിലെ ഓക്ക്ലന്‍ഡിലാണ് കമല ജനിച്ചത്. ചെന്നൈക്കാരിയും സ്തനാര്‍ബുദ സ്പെഷലിസ്റ്റുമായ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരന് സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളായാണ് ജനനം.
വാഷിങ്ടണിലെ ഹോവാര്‍ഡ് സര്‍വകലാശാലയിലും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിങ്സ് ലോ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ കമല, കാലിഫോര്‍ണിയയിലെ അലമേഡ കൗണ്ടിയില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയായാണ് കരിയറിന് തുടക്കമിട്ടത്. പിന്നീട് സാന്‍ഫ്രാന്‍സിസ്കോ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിലെ കരിയര്‍ ക്രിമിനല്‍ യൂണിറ്റില്‍ മാനേജ്മെന്റ് അറ്റോര്‍ണിയായി ചുമതലയേറ്റു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാമുഖങ്ങളില്‍ ശ്രദ്ധേയയായിരുന്നു കമല. ഡഗ്ലസ് എംഹോഫാണ് കമലയുടെ ഭര്‍ത്താവ്. അഭിഭാഷക എന്നനിലയില്‍ തിളങ്ങിയ കമലാ ഹാരിസ് വധശിക്ഷ, സ്വവര്‍ഗവിവാഹം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ ശ്രദ്ധേയയായി. യു.എസില്‍ കറുത്ത വര്‍ഗക്കാര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളില്‍ പോലീസിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു.
തിരഞ്ഞെടുപ്പില്‍ എതിരാളി മൈക് പെന്‍സുമായുള്ള സംവാദത്തിലടക്കം തിളങ്ങിയ ഹാരിസ് ബൈഡന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലപ്പോഴും ബൈഡനെക്കാളേറെ കമലാ ഹാരിസിനെ രൂക്ഷമായി വിമര്‍ശിക്കുകയുംചെയ്തു. ബൈഡന് പ്രസിഡന്റായാല്‍ ഭരിക്കുക കമലാ ഹാരിസാകുമെന്ന് ട്രംപ് പ്രസ്താവന വരെ നടത്തുകയും ചെയ്തിരുന്നു.
വൈസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്താനുള്ള സാധ്യത കൂടിയാണ് കമല സ്വന്തമാക്കിയിരിക്കുന്നത്.