ഭോപ്പാല്‍: തനിക്കെതിരേ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് നടത്തിയ വിവാദമായ ‘ഐറ്റം’ പരാമര്‍ശത്തില്‍ അദ്ദേഹത്തെ കുടുംബത്തെ അധിക്ഷേപിച്ച് ബി.ജെ.പി മന്ത്രി ഇമര്‍തി ദേവി. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതോടെ കമല്‍നാഥിന്റെ മാനസിക നില തെറ്റിയെന്നും അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ബംഗാളിലെ ഐറ്റങ്ങളാകുമെന്നും ഇമര്‍തി ദേവി ആക്ഷേപിച്ചു.
കമല്‍നാഥിനേയും അദ്ദേഹത്തിന്റെ കുടുംബത്തെയും മന്ത്രി അധിക്ഷേപിക്കുന്ന 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇര്‍മതി ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയതെന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്.
‘മുഖ്യമന്ത്രിയാകാന്‍ വേണ്ടി ബംഗാളില്‍ നിന്ന് മധ്യപ്രദേശിലെത്തിയ ആളാണ് കമല്‍നാഥ്. എങ്ങനെ സംസാരിക്കണമെന്ന യാതൊരു മര്യാദയും അദ്ദേഹത്തിനില്ല. അത്തരമൊരു മനുഷ്യനോട് എന്ത് പറയാനാണ്? മുഖ്യമന്ത്രി പദവി നഷ്ടമായതിന് ശേഷം അദ്ദേഹത്തിന്റെ മാനസികനില തെറ്റി… അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ബംഗാളിലെ ഐറ്റങ്ങളാകും’ വീഡിയോയില്‍ ഇമര്‍തി ദേവി പറയുന്നു.
മധ്യപ്രദേശ് പി.സി.സി അധ്യക്ഷന്‍ കൂടിയായ കമല്‍നാഥിന്റെ ഐറ്റം പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെതിരേ ബി.ജെ.പി വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ദേശീയ വനിതാ കമ്മീഷന് കമല്‍നാഥിനെതിരേ കേസെടുക്കുകയും വിവാദ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ അധിക്ഷേപ പരാമര്‍ശം കമല്‍നാഥിന്റെ കുടുംബത്തിനെതിരേ ഇമര്‍തി ദേവിയും ഉന്നയിച്ചത്.