തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ വര്‍ഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാഷ്ട്രീയത്തില്‍ മതം കൊണ്ടുവരുന്നത് എല്‍ഡിഎഫ് ആണോയെന്ന് കാനം രാജേന്ദ്രന് ചോദിച്ചു. തികച്ചും മതനിരപേക്ഷ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നത് ചില നിക്ഷിപ്ത താല്പര്യക്കാരാണ്. അക്കൂട്ടത്തില്‍ എല്‍ഡിഎഫിനെ കാണാന്‍ സാധിക്കില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും കാനം പറഞ്ഞു. സുപ്രീം കോടതി വിധി പ്രഖ്യാപിക്കുകയും അതില്‍ പുഃനപരിശോധന വേണമെന്ന് നിരവധി പേര് ആവശ്യപ്പെട്ടുകയും ചെയ്തു. അക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്ത് ജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം ധാരാളം പ്രശ്നങ്ങളുണ്ട്. അതിലെല്ലാം കേന്ദ്ര ഗവണ്മെന്റിന് നിലപാടുമുണ്ട്. അതിനേ സംബന്ധിച്ച് പറയുകയാണ് ഇപ്പോഴത്തെ കാലത്ത് രാഷ്ട്രീയത്തില്‍ ആവശ്യമായിട്ടുള്ളത്. അതുകൊണ്ട് എല്‍ഡിഎഫ് അത്തരം കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്’, ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്ന്നുവരുന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, വിജ്ഞാപനം വരട്ടെ അപ്പോള്‍ ആലോചിക്കാമെന്ന് അദ്ദേഹം മറുപടി പറഞ്ഞു.