BREAKING NEWSKERALA

ശബരിമല: ഇപ്പോഴത്തെ വിവാദം ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 2016ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റ് ആയിരിക്കെ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലമാണ് ഇപ്പോഴും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉളളതെന്ന് കാനം പറഞ്ഞു.
ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശബരിമലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വലിയ പരാജയത്തിനു കാരണം ശബരിമല വിഷയം കൊണ്ടല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
‘സുപ്രീം കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്നതാണ് ശബരിമല വിഷയം. ഇപ്പോള്‍ ശബരിമലയില്‍ ഇല്ലാത്ത പ്രശ്‌നത്തിന്റെ പേരിലാണ് പ്രതിപക്ഷം വാദങ്ങള്‍ ഉന്നയിക്കുന്നത്. ഞങ്ങള്‍ എന്തായാലും അതിന്റെ പിന്നാലെയൊന്നും പോകാന്‍ പോകുന്നില്ല. ഇഷ്ടമുള്ളിടത്തോളം അവര്‍ പറഞ്ഞോട്ടെ’ കാനം പറഞ്ഞു.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയത്തെ കുറിച്ചുള്ള ചോദ്യത്തിന് ആ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉയര്‍ന്ന വിഷയം ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ വേണമോ വേണ്ടയോ എന്നതായിരുന്നുവെന്ന് കാനം മറുപടി പറഞ്ഞു. ‘ഒരു മതനിരപേക്ഷ സര്‍ക്കാരുണ്ടാക്കാന്‍ എല്‍.ഡി.എഫിനേക്കാള്‍ പ്രാപ്തമായിട്ടുള്ളത് കോണ്‍ഗ്രസിന് ആണെന്ന് സാധാരണ ജനങ്ങള്‍ തെറ്റിദ്ധരിച്ചു. ശബരിമല സമരമാണ് തിരഞ്ഞെടുപ്പില്‍ സജീവ വിഷയമായത് എങ്കില്‍ സമരം ചെയ്ത, ബി.ജെ.പിക്കാര്‍ അല്ലേ ജയിക്കേണ്ടത്. അവര്‍ ജയിച്ചില്ലല്ലോ
ശബരിമലയില്‍ ഇപ്പോള്‍ ഒരു വിഷയവുമില്ല. രമേശ് ചെന്നിത്തല പറയട്ടെ, ശബരമലയില്‍ ഇപ്പോള്‍ എന്താണ് പ്രശ്‌നമെന്ന്. അവിടെ പൂജ നടക്കുന്നില്ലേ, ആരാധന നടക്കുന്നില്ലേ, ആചാരങ്ങള്‍ അനുഷ്ഠിക്കുന്നില്ലേ. പിന്നെ എന്താണ് പ്രശ്‌നം’ കാനം ആരാഞ്ഞു.
ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലം, പിന്നീട് ദേവസ്വം ബോര്‍ഡിന്റെ ഭരണം മാറിയെങ്കിലും സത്യവാങ്മൂലം മാറിയിട്ടില്ല. പ്രയാര്‍ ഗോപാലകൃഷ്ണനോ മറ്റോ ആണ് അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അദ്ദേഹം അന്ന് എന്ത് സത്യവാങ്മൂലം കൊടുത്തോ, അതേ സത്യവാങ്മൂലമാണ് ഇന്നും നിലനില്‍ക്കുന്നത് അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന യു.ഡി.എഫ്. നിലപാടിനോട് അവര്‍ അധികാരത്തില്‍ വരുമെങ്കില്‍ എന്ത് നിയമം വേണമെങ്കിലും കൊണ്ടുവരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. ‘സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ സംസ്ഥാന നിയമസഭ ഒരു നിയമം കൊണ്ടുവരും എന്നു പറഞ്ഞാല്‍ നമ്മുടെ നിയമനിര്‍മാണ ചരിത്രത്തെ കുറിച്ച് സാമാന്യധാരണയുള്ളവര്‍ ആരും വിശ്വസിക്കില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഈ ബദല്‍ നിയമം ഒന്നും കേരളത്തിലെ ജനങ്ങള്‍ ഗൗരവത്തോടെ എടുക്കില്ല. അവര്‍ അധികാരത്തില്‍ വന്നാലും ഇതൊന്നും നടക്കില്ലെന്ന കാര്യത്തില്‍, സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ഒരു നടപടി ഉണ്ടാകില്ലെന്ന കാര്യത്തില്‍ സാമാന്യജനങ്ങള്‍ക്ക് ബോധ്യമുണ്ട്.’
എന്‍.എസ്.എസ്. എടുക്കുന്ന രാഷ്ട്രീയ നിലപാട് സമദൂരമാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്‍.ഡി.എഫിന് അനുകൂലമാകണമെന്നോ യു.ഡി.എഫിന് അനുകൂലമാകണമെന്നോ നമ്മള്‍ ആഗ്രഹിക്കുന്നതില്‍ വലിയ കാര്യം ഒന്നുമില്ല. അവര്‍ സമദൂരത്തില്‍ തന്നെ ഉറച്ചുനിന്നാല്‍ മതി. അതാണ് നല്ലത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലിം ലീഗ് ആണെന്ന സി.പി.എം.വിമര്‍ശനത്തെ കുറിച്ചുളള ചോദ്യത്തോടും കാനം പ്രതികരിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗിന്റെ നിലപാടുകളോട് പല കാര്യങ്ങളിലും യോജിപ്പില്ലാത്ത പല കക്ഷികളും കേരളത്തിലുണ്ട്. അതുകൊണ്ട് ലീഗിനെ എതിര്‍ക്കുക എന്നു പറയുമ്പോള്‍, ഒരുപക്ഷെ ലീഗിന്റെ സംരക്ഷണത്തിന് വേണ്ടി മുസ്ലിമിനെ എതിര്‍ക്കുകയാണെന്ന് വരുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ആത്യന്തികഫലം ബി.ജെ.പിക്ക് അനുകൂലം ആയിരിക്കും. അതുകൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അത് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കുമെന്നും കാനം രജേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker