ജര്‍മ്മന്‍ പൊലീസിനെ വരെ വട്ടം കറക്കിയ ഒരു കങ്കാരു ഒടുവില്‍ ആറ് മാസത്തിന് ശേഷം 60 കിലോമീറ്റര്‍ ദൂരത്ത് നിന്നും പിടിയിലായി. സ്‌കിപ്പി എന്ന് പേരിട്ടിരിക്കുന്ന കംഗാരുവിനെ പുതുവത്സര രാവില്‍ ഉടമ ജെന്‍സ് കോല്‍ഹൌസിന്റെ സ്റ്റെര്‍ന്‍ബെര്‍ഗിലെ വീട്ടില്‍ നിന്നാണത്രെ കാണാതായത്.
ഉടമ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസടക്കം തിരച്ചിലോട് തിരച്ചിലായിരുന്നെങ്കിലും കങ്കാരുവിനെ കണ്ടെത്താനായില്ല. പലയിടത്തും കണ്ടെത്തി എന്ന് പറഞ്ഞ് വിളി വന്നെങ്കിലും ആറ് മാസത്തേക്ക് സ്‌കിപ്പിയെ ഒന്ന് തൊടാന്‍ പോലും പൊലീസിനായില്ല. ഈ വര്‍ഷം മാര്‍ച്ചില്‍, സാഗ്സ്ഡോര്‍ഫ് പട്ടണത്തില്‍ പലതവണ സ്‌കിപ്പി പ്രത്യക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പൊലീസുകാര്‍ എത്തുന്നതിന് മുമ്പ് രക്ഷപ്പെടാന്‍ അതിന് കഴിഞ്ഞു.
എന്നാല്‍, ഈ മാസമാദ്യം ലുഡേഴ്സ്ഡോര്‍ഫ് പട്ടണത്തില്‍ എത്തിയ സ്‌കിപ്പിയുടെ ഒളിച്ചോട്ടത്തിന് ഒരു അവസാനമായി. ഒരു പ്രദേശവാസിയാണ് കംഗാരുവിനെ കുടുക്കിയത്. അവര്‍ കങ്കാരുവിനെ തങ്ങളുടെ തൊഴുത്തില്‍ പിടിച്ചുവയ്ക്കുകയും പിന്നീട് ഉടമയെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
സ്‌കിപ്പിയുടെ ഉടമ അനേകം കങ്കാരുക്കളെ പെറ്റായി വളര്‍ത്തുന്നുണ്ട്. ആറ് മാസം എങ്ങനെയാണ് അത് ആരുടെയും പിടിയില്‍ പെടാതെ മുങ്ങി നടന്നത് എന്ന കാര്യം വ്യക്തമല്ല. എന്നാല്‍, സ്‌കിപ്പിയുടെ ഉടമയായ കോല്‍ഹൗസ് പറയുന്നത്, 12 മീറ്റര്‍ ദൂരവും മൂന്ന് മീറ്റര്‍ ഉയരവും ചാടാന്‍ സ്‌കിപ്പിക്ക് കഴിവുണ്ട് എന്നാണ്. അതുകൊണ്ടായിരിക്കും ആരുടേയും പിടിയില്‍ പെടാതെ സ്‌കിപ്പി മുങ്ങി നടന്നത് എന്നും ഉടമ പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും സ്‌കിപ്പി ഒട്ടും അപകടകാരിയല്ല എന്നും ഉടമ വിശദീകരിക്കുന്നുണ്ട്. കാരറ്റാണത്രെ സ്‌കിപ്പിക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണങ്ങളില്‍ ഒന്ന്. എന്തായാലും, സ്‌കിപ്പിയെ കിട്ടിയതില്‍ ഉടമയും ഒപ്പം പൊലീസും ഹാപ്പിയാണ്.
80 1 minute read