BREAKING NEWSLATESTWORLD

കോവിഡ് കാരണം സ്‌കൂള്‍ പൂട്ടി, കൈയില്‍ കാശില്ല, പിള്ളേര് കഞ്ചാവ് കൃഷി തുടങ്ങി

കോവിഡ് സ്‌കൂളുകള്‍ അടച്ചതിനെത്തുടര്‍ന്ന് ആഫ്രിക്കയിലെ വിദ്യാര്‍ത്ഥികള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഷ്ടപ്പെടുകയാണ്. അങ്ങനെയാണ് ഫോഷോ മാമ്പ എന്ന 17 കാരന്‍ ജീവിതത്തിന്റെ അറ്റം കൂട്ടിമുട്ടിക്കാന്‍ കഞ്ചാവ് കൃഷിയിലേക്ക് തിരിഞ്ഞത്. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ചു പോയതിനാല്‍ ചെറുപ്രായത്തില്‍ത്തന്നെ കുടുംബഭാരം ഫോഷോയുടെ ചുമലിലാണ്. സ്‌കൂളുകള്‍ അടച്ചതോടെയാണ് കഞ്ചാവ് കൃഷിയില്‍ ഒരുകൈ നോക്കാന്‍ ഫോഷോ തീരുമാനിച്ചത്.
ലുവെയിലെ ഹൈസ്‌കൂളിലാണ് ഫോഷോ പഠിക്കുന്നത്. മാര്‍ച്ചിലാണ് അവസാനമായി സ്‌കൂളില്‍ പോയത്. കൊറോണ വൈറസിന്റെ വ്യാപനം മൂലം മാര്‍ച്ചിലാണ് രാജാവ് എംസ്വതി മൂന്നാമന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്കയിലെ സ്‌കൂളുകള്‍ അടച്ചു. ‘സ്‌കൂളുകള്‍ അടച്ചതിനാല്‍ വീട്ടില്‍ വെറുതേ ഇരിക്കാതെ പണമുണ്ടാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കഞ്ചാവ് വളര്‍ത്തുന്നതില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. എവിടെനിന്നു തുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ എന്ന വളരെയധികം സഹായിച്ചു.’ ഫോഷോ പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫോഷോയുടെ വയലില്‍ വിളവെടുപ്പ് ആരംഭിക്കും. മറ്റുള്ളവര്‍ വയലില്‍ അതിക്രമിച്ച് കയറാതിരിക്കുന്നതിനായി ഫോഷോയും കൂട്ടുകാരും രാവും പകലും കഞ്ചാവുചെടികള്‍ക്ക് കാവലിരിക്കുകയാണ്. ‘ഞാന്‍ വിളവെടുപ്പിന് ഒരുങ്ങുകയാണ്. പിഴവിന് ഇടനല്‍കുകയില്ല. എല്ലാം ചിട്ടയായി പോകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.’ ഫോഷോ പറഞ്ഞു. ‘ദക്ഷിണാഫ്രിക്കയില്‍ ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ അടുത്തയാഴ്ച ഇളവ് വരുത്തും. ഇതോടെ കഞ്ചാവിന് വില വ!ര്‍ദ്ധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.’ ഫോഷോ വ്യക്തമാക്കി.
വാള്‍ട്ടര്‍ മഗാഗുല (17) ആണ് കഞ്ചാവ് കൃഷിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥി. ഒക്ടോബറിലാണ് വാള്‍ട്ടറുടെ സ്‌കൂള്‍ പരീക്ഷകള്‍ നടക്കാനിരിക്കുന്നത്. ‘സ്വാസി ഗോള്‍ഡ്’ എന്നയിനം കഞ്ചാവാണ് വാള്‍ട്ടര്‍ വളര്‍ത്തിയത്. വിളവെടുപ്പിന് ശേഷം ലഭിച്ച പണം ഉപയോഗിച്ച് വാള്‍ട്ടര്‍ ‘നിസാന്‍ മാര്‍ച്ച്’ വാങ്ങി. വാള്‍ട്ടറുടെ കുടുംബത്തില്‍ ആദ്യമായാണ് ഒരാള്‍ കാര്‍ വാങ്ങുന്നത്. ‘കുടുംബത്തിന്റെ നല്ലതിനുവേണ്ടിയാണ് കാര്‍ വാങ്ങിയത് എന്ന് എന്റെ പിതാവിന് അറിയാം. അതിനാല്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ല. എന്റെ കുടുംബത്തിലേക്കുള്ള എന്റെ സംഭാവനയാണ് കാര്‍’ വാള്‍ട്ടര്‍ പറഞ്ഞു.
കൊവിഡ് ലോക്ക് ഡൗണിനിടെ സ്വാസി ഗ്രാമീണ മേഖലയില്‍ അനധികൃത കഞ്ചാവ് കൃഷിയില്‍ ഏര്‍പ്പെട്ട നൂറുകണക്കിന് വിദ്യാര്‍ത്ഥികളില്‍ രണ്ടു പേരാണ് വാള്‍ട്ടറും ഫോഷോയും. മുമ്പ് സ്വാസിലാന്റിന്റെ ഭാഗമായിരുന്ന ഈശ്വതിനിയില്‍ കഞ്ചാവ് കൃഷി നിയമവിരുദ്ധമാണ്. എന്നാല്‍ പ്രധാനമന്ത്രി അംബ്രോസ് ഡ്‌ലാമിനിയുടെ ഭരണത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തമാക്കുന്നതിന്റെ ഭാഗമായി കഞ്ചാവ് കൃഷി നിയമവിധേയമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഓപിയം കൃഷി നിയമവിധേയമാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കഞ്ചാവ്, ചെമ്മീന്‍ ഉത്പന്നങ്ങള്‍ക്ക് പേരുകേട്ട അമേരിക്കന്‍ കമ്പനിയായ സ്റ്റെം ഹോള്‍ഡിംഗ് ആണ് പ്രധാന നിക്ഷേപകര്‍. സൗത്ത് ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇവിടെ ഉത്പാദിപ്പിക്കുന്ന കഞ്ചാവിന്റെ വിപണി. എന്നാല്‍ ക!ഞ്ചാവ് കൃഷി നിയമ വിധേയമാക്കുന്നതിനെതിരെ പരമ്പരാഗത നിയമവിരുദ്ധ ക!ര്‍ഷക!ര്‍ രംഗത്തുണ്ട്. ‘കൃഷി നിയമവിധേയമാക്കുന്നത് നല്ലതല്ല, വിപണിയില്‍ കഞ്ചാവിന്റെ വില കുറയ്ക്കുന്നതിന് ഇത് കാരണമാകും.’ അവര്‍ പറയുന്നു.
‘പണം ഉണ്ടാക്കാനുള്ള ശ്രമം ഇനിയും തുടരുമോയെന്ന് എനിക്ക് അറിയില്ല. പക്ഷേ കഞ്ചാവ് കൃഷി നിയമവിരുദ്ധമായി തുടരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ വാള്‍ട്ടര്‍ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നില്ല. ഗവേഷകരുടെ ശൃംഖലയായ ആഫ്രോബരോമീറ്റര്‍ 1200 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ കഞ്ചാവ് കൃഷി നിയമ വിധേയമാക്കുന്നതിനെ ഭൂരിഭാഗം ജനങ്ങളും എതിര്‍ത്തു.
അതേസമയം വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം അധ്യാപകര്‍ക്കിടയില്‍ നിരാശ ഉണ്ടാക്കിയതായി അധ്യാപികയായ സെലിവെ ഡ്‌ലാമിനി പറഞ്ഞു. ‘കുട്ടികള്‍ പണം ആസ്വദിക്കാന്‍ തുടങ്ങി. ഇനി അധ്യാപനം ബുദ്ധിമുട്ടേറിയതാണ്. അവര്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. സ്‌കൂളില്‍ നിന്നും ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്യുന്നില്ല. ശാരീരികമായി ശിക്ഷിക്കാനും കഴിയില്ലല്ലോ. ഇത് നിരാശാജനകമാണ്.’ അവര്‍ പറഞ്ഞു. ‘അവര്‍ മൊസാംബിക്കിലേക്ക് കഞ്ചാവ് കടത്താന്‍ ആരംഭിച്ചു. തിരികെ അവിടെ നിന്നും മദ്യം കൊണ്ടുവരികയാണ്. ഇനി സ്‌കൂള്‍ ജോലികളില്‍ അവരുടെ ശ്രദ്ധ കൊണ്ടുവരിക എളുപ്പമല്ല.’ സെലിവെ പറഞ്ഞു. കൊവിഡ് കൊവിഡ് ലോക്ക് ഡൗണ്‍ സ്വാസിലാന്റിലെ 909 സ്‌കൂളുകളുടെ പ്രവര്‍ത്തനത്തേയും 339,000 വിദ്യാര്‍ത്ഥികളേയും 15,945 അധ്യാപകരേയും ബാധിച്ചു എന്നാണ് യുഎന്‍ കണക്ക്.

Related Articles

Back to top button