തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിലടക്കം നേതൃത്വം പാര്‍ട്ടിയെ എകെജി സെന്ററില്‍ കൊണ്ടു കെട്ടിയെന്ന് വിമര്‍ശനമുയര്‍ന്നു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ആദ്യ എതിര്‍ത്ത കാനം പിന്നീട് മലക്കംമറിഞ്ഞ് സിപിഎം തീരുമാനത്തിനൊപ്പം നിന്നതിലാണ് വിമര്‍ശനം. സ്വര്‍ണ്ണക്കടത്ത് വിവാദത്തിലും സിപിഎമ്മിന് സഹായകമാകുന്നത് രീതിയിലാണ് സിപിഐ നേതൃത്വം നിലകൊണ്ടത്.
നയപരമായ വിഷയങ്ങളില്‍ അടക്കം തിരുത്തല്‍ ശക്തിയായി നിന്ന സിപിഐ ഇപ്പോള്‍ സിപിഎമ്മിന് വിധേയപ്പെടുന്നതിലാണ് വിമര്‍ശനം. പാര്‍ട്ടിയെ കാനം എകെജി സെന്ററില്‍ കൊണ്ടു കെട്ടുന്നുവെന്നാണ് പ്രധാന ആക്ഷേപം.കൊല്ലം ജില്ലയിലെ ആഭ്യന്തര പ്രശ്നങ്ങളും കൈവിട്ട നിലയിലാണ്.ജില്ലാ യോഗത്തില്‍ നേതാക്കള്‍ പരസ്പരം പോര്‍വിളിച്ച സംഭവത്തില്‍ പി എസ് സുപാലിന് സസ്പെന്‍ഷനും എം രാജേന്ദ്രന് താക്കീതുമാണ് നടപടി. ഏകപക്ഷീയമായ അച്ചടക്ക നടപടിക്കെതിരെയും കാനത്തിനെതിരെ വിമര്‍ശനമുയര്‍ന്നു.
മന്ത്രി വി എസ് സുനില്‍കുമാര്‍ ഒരാളെ മാത്രം സസ്പെന്റ് ചെയ്തത് ചോദ്യംചെയ്തപ്പോള്‍ ഭൂരിപക്ഷം ജില്ലാ ഘടകങ്ങളും പിന്തുണച്ചു. മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സിപിഐ രേഖപ്പെടുത്തിയത്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്നും തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യം ഇപ്പോള്‍ സംസ്ഥാനത്തില്ലെന്നും പ്രമേയത്തില്‍ സിപിഐ വ്യക്തമാക്കി. മജിസ്ട്രേറ്റ് അന്വേഷണം പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് സിപിഐ ആവശ്യപ്പെട്ടു.