BREAKING NEWSKERALALATEST

‘സര്‍ക്കാരിനോട് എല്ലാവര്‍ക്കും സ്‌നേഹമുണ്ടാകും’ മുഖ്യമന്ത്രിയെ പ്രശംസിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സംസ്ഥാന സര്‍ക്കാരിന്റേത് ധീരമായ നടപടിയാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഇത്തരം ധീരമായ നടപടികളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിനോട് എല്ലാവര്‍ക്കും സ്‌നേഹം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഷങ്ങളായി ജില്ല ഭരണകൂടത്തിന് കീഴിലായിരുന്നു ആരാധനാലയ നിര്‍മാണാനുമതി. നിയമപരമായ നൂലാമാലകള്‍ കാരണം നിരവധി സ്ഥലങ്ങളില്‍ നിര്‍മാണം പ്രതിസന്ധിയില്‍ ആയിരുന്നു. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ ഉചിതമായ നടപടി വേണമെന്ന് സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
മതസംഘടനാ നേതാക്കളുമായി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം പ്രധാനമായി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കി പരിഹാരമുണ്ടാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നടപടി പ്രശംസനീയമാണെന്നും കാന്തപുരം പറഞ്ഞു.
സങ്കീര്‍ണമായിരുന്ന നിയമങ്ങള്‍ കാരണം ആളുകള്‍ക്ക് മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട സ്ഥിതിവിശേഷമായിരുന്നു. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്നതോടെ വേഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
ആരാധനാലയങ്ങള്‍ ഏതൊരു വിശ്വാസിയുടെയും ജീവിതവുമായി വളരെ ആഴത്തില്‍ ബന്ധമുള്ളതാണ്. സമൂഹം വികസിക്കുകയും ജനവാസം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വരികയും ചെയ്യുന്നതോടെ ആരാധനാലയങ്ങളും ആനുപാതികമായി അനിവാര്യമാണെന്നും കാന്തപുരം പറഞ്ഞു.
മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുന്നതിനോ പുനര്‍നിര്‍മിക്കുന്നതിനോ അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പൂര്‍ണമായും നിക്ഷിപ്തമാക്കാന്‍ തീരുമാനിച്ചെന്ന് ആയിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.

Related Articles

Back to top button