BREAKING NEWS

നേതൃത്വത്തിനെതിരേ തുറന്നടിച്ച് കപില്‍ സിബല്‍, രാജ്യത്തൊരിടത്തും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിവില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ബിഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബലിന്റെ തുറന്ന് പറച്ചില്‍.
‘ബിഹാറില്‍ മാത്രമല്ല, ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ബിജെപിക്ക് ബദലായി ജനങ്ങള്‍ കോണ്‍ഗ്രസിനെ കണക്കാക്കിയില്ല. ബിഹാറില്‍ ആര്‍ജെഡിയെയാണ് ബദലായി കണ്ടത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എല്ലാ സീറ്റുകളിലും ഞങ്ങള്‍ തോറ്റു. അവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ഞങ്ങള്‍ക്കായിരുന്നില്ല. ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ രണ്ടു ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്. എന്റെ സഹപ്രവര്‍ത്തകനായ പ്രവര്‍ത്തക സമിതിയിലെ അംഗമായ ഒരാളുടെ പ്രസ്താവന കേട്ടു, കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തുമെന്ന്’ കപില്‍ സിബല്‍ പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷം ആത്മ പരിശോധന നടത്തിയില്ലെങ്കില്‍ ഇപ്പോള്‍ ആത്മപരിശോധന നടത്തുമെന്ന് നമുക്ക് എന്ത് പ്രതീക്ഷയാണുള്ളതെന്ന് സിബല്‍ ചോദിച്ചു. സംഘടനാപരമായി കോണ്‍ഗ്രസിന് എന്താണ് കുഴപ്പമെന്ന് നമുക്കറിയാം. എന്താണ് തെറ്റെന്ന് ഞങ്ങള്‍ക്കറിയാം. എല്ലാത്തിനും ഉത്തരം ഞങ്ങളുടെ പക്കലുണ്ടെന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ തയ്യാറല്ല. അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഗ്രാഫ് താഴുന്നത് തുടരും. അതാണ് കോണ്‍ഗ്രസിന്റെ സ്ഥിതി. അതിലാണ് തങ്ങള്‍ക്ക് ആശങ്കയെന്നും നേതൃത്വത്തെ ഉന്നമിട്ടുകൊണ്ട് കപില്‍ സിബല്‍ പറഞ്ഞു.
22 നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തയച്ചതിന് ശേഷം എന്തെങ്കില്‍ മറുപടി ഉണ്ടായോ എന്ന ചോദ്യത്തിന് കപില്‍ സിബലിന്റെ മറുപടി ഇങ്ങനെയായിരുന്നു.’ഇതുവരെ ഒരു ആശയവിനിമയവും നടന്നില്ല. നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലിനുള്ള ശ്രമവും ഉണ്ടായില്ല. എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു ഫോറവും ഇല്ലാത്തതിനാല്‍ അവ പരസ്യമായി പ്രകടിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഞാനൊരു കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസുകാരനായി തുടരും. രാഷ്ട്രം നിലകൊള്ളുന്ന എല്ലാ മൂല്യങ്ങളേയും അട്ടിമറിച്ച ഒരു അധികാര ഘടനയ്ക്ക് ബദല്‍ കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രത്യാശിക്കുകുയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു’.
നമ്മള്‍ തകര്‍ച്ചയിലാണെന്ന് കോണ്‍ഗ്രസുകാര്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. പോരായ്മകള്‍ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പോലും വേണ്ട ഫലത്തിലേക്കെത്തില്ല. നാമനിര്‍ദേശം ചെയ്യുന്ന സംസ്‌കാരം എടുത്തുകളയണം. നാമനിര്‍ദേശം ചെയ്യുന്ന രീതിയും തിരഞ്ഞെടുപ്പില്‍ വേണ്ട ഫലം നല്‍കില്ല. തങ്ങള്‍ ചിലര്‍ ഇക്കാര്യങ്ങള്‍ എഴുതി. എന്നാല്‍ അത് ഉള്‍ക്കൊള്ളുന്നതിന് പകരം പിന്തിരിപ്പിക്കാനണ് ശ്രമിച്ചത്. ഫലം എന്താണെന്ന് എല്ലാവര്‍ക്കും കാണാനാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള വഴിയിലായിരിക്കും തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
‘നാമെല്ലാവരും പ്രത്യയശാസ്ത്രപരമായി കോണ്‍ഗ്രസിനോട് പ്രതിജ്ഞാബദ്ധരാണ്. മറ്റുള്ളവരെപ്പോലെ ഞങ്ങള്‍ നല്ല കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസുകാരെന്ന നിലയില്‍ ഞങ്ങളുടെ യോഗ്യതകളെ സംശയിക്കാനാവില്ല. മറ്റുള്ളവരുടെ യോഗ്യതകളെ ഞങ്ങള്‍ സംശയിക്കുന്നില്ല. ഞങ്ങള്‍ പറയുന്നത് ഓരോ സംഘടനയിലും ആശയവിനിമയം ആവശ്യമാണ് എന്നതാണ്. അതായത് മറ്റുള്ളവരെ ശ്രദ്ധിക്കുക. നിങ്ങള്‍ മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കുന്നത് നിര്‍ത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് അവിടെ ആശയവിനിമയമുണ്ടാകില്ല. പരസ്പര സംഭാഷണത്തിന്റെ അഭാവത്തില്‍ നമ്മുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വിജയിക്കാനാവില്ല. പ്രശ്‌നം എന്താണെന്ന് ഗൗരവമായി തിരിച്ചറിയാത്ത സാഹചര്യത്തില്‍, ഞങ്ങള്‍ക്ക് ഒരു പരിഹാരവും കൊണ്ടുവരാന്‍ കഴിയില്ല’ കപില്‍ സിബല്‍ അഭിമുഖത്തില്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker