BREAKING NEWSKERALA

‘കാപ്പ’ ചുമത്താനുള്ള അധികാരം പോലീസിന് നല്‍കണമെന്ന് റിപ്പോര്‍ട്ട്, ഇനി എന്തൊക്കെയാവും സംഭവിക്കുക

തിരുവനന്തപുരം: കുറ്റവാളികള്‍ക്കെതിരേ സമൂഹവിരുദ്ധനിയമം(കാപ്പ) ചുമത്തുന്നതിനുള്ള അധികാരം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് പോലീസ്, ജയില്‍ പരിഷ്‌കരണസമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. കളക്ടര്‍മാരുടെ ജോലിഭാരം കൂടിയ സാഹചര്യത്തിലും കാപ്പ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നതിനാലും ഡി.ഐ.ജി. മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ചുമത്തുന്നതിനുള്ള അധികാരം നല്‍കണമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമതി ശുപാര്‍ശ ചെയ്തു.
കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ മഹാരാഷ്ട്രയിലുള്ളതുപോലെ സംസ്ഥാനത്തും സംഘടിത കുറ്റകൃത്യനിയന്ത്രണനിയമം നിര്‍മിക്കണമെന്നും പോലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കഴിവില്ലാത്തവരെയും പിരിച്ചുവിടണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
തടവുകാരെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിക്കണം. എല്ലാ കോടതിവളപ്പുകളിലും ജയില്‍സെല്ലുകള്‍ ആരംഭിക്കണമെന്നും മുന്‍ ജയില്‍മേധാവി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, സൈബര്‍ സുരക്ഷാവിദഗ്ധന്‍ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവര്‍ അംഗങ്ങളായ സമിതി റിപ്പോര്‍ട്ടിലുണ്ട്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വിവരശേഖരണവും ബോധവത്കരണവും നടത്തണം. കേസ് ഡയറികള്‍ പൂര്‍ണമായും ഡിജിറ്റലാക്കണം. കെട്ടിക്കിടക്കുന്ന കേസുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംവിധാനമൊരുക്കണം. ക്രമസമാധാനപാലനവും അന്വേഷണവും രണ്ടുവിഭാഗമാക്കണം. വസ്തുതര്‍ക്കം, കുടുംബതര്‍ക്കം തുടങ്ങിയ ചെറിയതര്‍ക്കങ്ങള്‍ സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിട്ടിയുമായി ചേര്‍ന്ന് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വേണം.
സാമ്പത്തികതട്ടിപ്പുകള്‍ തടയുന്നതിനായി കേരള പോലീസില്‍ ഒരു സാമ്പത്തിക നിരീക്ഷണവിഭാഗം രൂപവത്കരിക്കണം. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവ നിയമാനുസൃതമാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുകയും വേണം. പോലീസ് നിയമത്തിന്റെ ചട്ടങ്ങള്‍ എത്രയുംവേഗം പ്രസിദ്ധപ്പെടുത്തണം. കേസന്വേഷണങ്ങള്‍ക്ക് സൈബര്‍തെളിവുകള്‍, സൈബര്‍ പരിശോധനകള്‍ തുടങ്ങിയവ ശക്തമാക്കണം. ജയിലുകളില്‍ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. പുരുഷനഴ്‌സുമാരുടെ കുറവ് ഉള്‍പ്പടെയുളളവ വര്‍ധിപ്പിക്കണം. ജയിലുകളില്‍ കൃഷി, ഭക്ഷണനിര്‍മാണം എന്നിവയിലെ ഉത്പാദനം വര്‍ധിപ്പിക്കണം. തടവുകാര്‍ക്ക് ഇന്‍സെന്റീവ് നല്‍കണം. സംസ്ഥാനതലത്തില്‍ ജയില്‍ ഉപദേശകസമിതി രൂപവത്കരിക്കണമെന്നും വിരമിച്ച ജഡ്ജിയെ സമിതിയുടെ അധ്യക്ഷനാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. എല്ലാ ജില്ലകളിലും മൊബൈല്‍ ഫൊറന്‍സിക് ലാബുകള്‍ ആരംഭിക്കുന്നതിനൊപ്പം വിരലടയാള പരിശോധനാ ബ്യൂറോകള്‍ ആധുനികവത്കരിക്കാനും സമിതി ശുപാര്‍ശ ചെയ്യുന്നു.
കാപ്പയെന്നാല്‍ ഇങ്ങനെ
2007 ലാണ് കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്( കാപ്പ) നിലവില്‍ വന്നത്. പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്നവരെ ഈ നിയമം ചുമത്തി ഒരുവര്‍ഷംവരെ ജയിലിലടയ്ക്കാം. ഗുണ്ട, റൗഡി എന്നീ വിഭാഗമായി പരിഗണിച്ചാണ് ശിക്ഷ തീരുമാനിക്കുന്നത്. കേസില്‍ ഉള്‍പ്പെടുത്താവുന്നവരെ സംബന്ധിച്ച് 2014ല്‍ നിയമഭേദഗതി വന്നു.
ഒരാള്‍ക്കുമേല്‍ ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് നല്‍കുന്ന ശുപാര്‍ശയോടെയാണ് നടപടികള്‍ക്ക് തുടക്കമാകുന്നത്. സാമൂഹികസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരക്കാരെ കാപ്പനിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ കളക്ടറാണ് ഉത്തരവിടുന്നത്. ഇവരെ ഒരുവര്‍ഷംവരെ ഒരു പ്രദേശത്ത് പ്രവേശിക്കുന്നത് തടയാനും നിയമപ്രകാരം കഴിയും. ഒരു പ്രദേശം പ്രശ്‌നബാധിതമെന്ന് ഉത്തരവിടാനും ഈ നിയമപ്രകാരമാകും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker