BREAKING NEWSAGRICULTUREKERALALATEST

അമ്പമ്പോ നമ്മടെ മരച്ചീനി(കപ്പ)യ്ക്ക് ഇത്രയും വിലയുണ്ടോ? ആമണോണില്‍ ഒരു കിലോയ്ക്ക് 429 രൂപ

കേരളത്തില്‍ കിലോയ്ക്ക് 20- 30 രൂപ വിലയുള്ള നാടന്‍ കപ്പയ്ക്ക് ആമസോണി(Amazon)ല്‍ വില 400 കടന്നു. ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് നാട്ടില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കപ്പയ്ക്ക് കൊള്ള വില ഈടാക്കുന്നത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചാണ് ഈ വില്‍പ്പന നടത്തുന്നത്.
ശനിയാഴ്ച ആമസോണില്‍ ഒരു കിലോ കപ്പയ്ക്ക് 429 രൂപയായിരുന്നു. ‘കേരള സ്‌പെഷ്യല്‍ ഹോം ഗ്രോണ്‍ ടപ്പിയോക്ക’ എന്ന പേരിലാണ് ആമസോണില്‍ കപ്പ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 429 രൂപ വിലയുള്ള കപ്പ 7% കിഴിവില്‍ 399 രൂപയ്ക്ക് ലഭിക്കുമെന്ന ഓഫറും ആമസോണ്‍ നല്‍കിയിരുന്നു.
എന്നാല്‍, ശനിയാഴ്ച വൈകിട്ടായപ്പോഴേക്കും വില 210 ലെത്തി. കപ്പക്കിഴങ്ങ്, മരച്ചീനി, ചീനി, മരവള്ളി കിഴങ്ങ് തുടങ്ങി കപ്പയുടെ വിവിധ പേരുകളും ഇതിനൊപ്പം നല്‍കിയിരുന്നു. ഇത്രയും ഭീമമായ വില നല്‍കി കപ്പ ആരൊക്കെ വാങ്ങി എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബുക്ക് ചെയ്തവര്‍ക്ക് അടുത്ത വെള്ളിയാഴ്ചയെ കപ്പ കിട്ടൂ എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
പച്ചകപ്പയ്ക്ക് പുറമെ ഉണക്ക കപ്പയും, കപ്പ ഉപ്പേരിയും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. 2 കിലോ ഉണക്ക കപ്പയുടെ വില 699 രൂപയാണ്. 36 % കിഴിവില്‍ അവ 448 രൂപയ്ക്ക് ലഭിക്കും. 100 ഗ്രാം കപ്പ ഉപ്പേരിയുടെ വില 200 മുതല്‍ 450 രൂപ വരെയാണ്. അതേസമയം, നേരിട്ട് ഉപഭോക്താക്കളിലേക്ക് കപ്പ എത്തിക്കുന്ന ബാംഗ്ലൂരിലെ മലയാളി കടകളില്‍ 45-55 രൂപ വരെയാണ് കിലോയ്ക്ക് വില.

Related Articles

Back to top button