പാലാ: ഇടതുബന്ധം മുറിച്ച് മാണി സി കാപ്പന് ഇനി യുഡിഎഫിന്റെ ഭാഗം. മാണിയുടെ തട്ടകമായ പാലായില്‍ ഐശ്വര്യ കേരള യാത്ര എത്തിയപ്പോള്‍ ശക്തിപ്രകടനവുമായി കാപ്പനും അനുയായികളും അതിനൊപ്പം ചേര്‍ന്നു. കാപ്പന് വിഭാഗത്തിന്റെ ശക്തിപ്രകടനമായി മാറുകയായിരുന്നു അനുയായികള്‍.
കാപ്പന് യുഡിഎഫിലെത്തുമ്പോള്‍ അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യത്തിലേക്കുള്ള മടക്കുംകൂടിയായി. അച്ഛന് ചെറിയാന് ജെ. കാപ്പന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്നു.
എല്‍ജെഡിയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും വിട്ടുപോയ യുഡിഎഫില്‍ ഇനി കാപ്പന്റെ പാര്‍ട്ടി പുതിയ ഘടകകക്ഷിയാകും. രമേശ് ചെന്നിത്തലയുടെ യാത്ര പാലായില്‍ എത്തിയപ്പോള്‍ കാപ്പനെ സ്വീകരിക്കാന്‍ യുഡിഎഫിന്റെ എല്ലാ പ്രധാന നേതാക്കളും എത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങി എല്ലാ നേതാക്കളും കാപ്പനെ കൈ നീട്ടി സ്വീകരിച്ചു.
മാണി സി കാപ്പനെ തിരുനക്കര കൊച്ചുകൊമ്പന്‍ എന്നാണ് പി.ജെ ജോസഫ് വിശേഷിപ്പിച്ചത്. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഫലത്തില്‍ ഇന്നത്തെ യോഗം കാപ്പന്റെ പാലായിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടിയായി. ഈ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥിയായി കാപ്പന് പ്രഖ്യാപിക്കപ്പെട്ടു