സി.വി.ഷിബു.
കല്‍പ്പറ്റ: കാലം തെറ്റി പെയ്ത മഴ നെല്‍കൃഷിക്കാരെ എന്ന പോലെ വയനാട്ടിലെ കാപ്പി കര്‍ഷകരെയും ദോഷകരമായി ബാധിച്ചു. വിളവെടുപ്പിന് മുമ്പ് കാപ്പിക്കുരു പൊഴിഞ്ഞും പറിച്ച് തീരും മുമ്പേ പുതിയ പൂക്കള്‍ വന്നതുമാണ് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്നത്. വയനാട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നല്ല രീതിയില്‍ പൂമഴയും പിന് മഴയും ലഭിച്ചതിനാല്‍ ഇത്തവണ ഉല്പാദനം കൂടുതലായിരുന്നെങ്കിലും മഴ കാരണം കൃത്യ സമയത്ത് കാപ്പി വിളവെടുപ്പ് നടത്താനായിട്ടില്ല. ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് കാപ്പിയുടെ വിളവെടുപ്പ് സീസണ് .ഈ സമയത്ത് മഴ ഇല്ലാതാരിക്കുകയും നല്ലവണ്ണം വെയില് ലഭിക്കുകയും വേണം. ചൂട് കൂടിയ വെയിലിനെ മാത്രം ആശ്രയിച്ചാണ് വിളവെടുത്ത കാപ്പി ഉണക്കുന്നത്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള കര്‍ഷകര്‍ക്ക് വെയില് ഇല്ലങ്കില്‍ കാപ്പി ഉണക്കാന്‍ കഴിയില്ല. വെയില് കുറഞ്ഞാല്‍ ഈര്‍പ്പം നിന്ന് പൂപ്പല്‍ കയറും. ഇത് കാപ്പിയുടെ ഗുണമേന്മയെ ബാധിക്കുകയും ഉണ്ട കാപ്പി വില്‍പ്പന നടത്താന്‍ കഴിയാതെയും വരും. കാപ്പി ഉണക്കാന്‍ കളങ്ങള്‍ ഇല്ലാത്തവര്‍ മഴയുള്ളപ്പോള്‍ വിളവെടുപ്പ് വൈകിപ്പിക്കുകയാണ് ചെയ്യുന്നത് ‘ അതിനിടെ മഴ പെയ്താല്‍ കുരു വ്യാപകമായി പൊഴിയും . ഇങ്ങനെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്.
വയനാട് ജില്ലയില്‍ ഏകദേശം 65000 ത്തിലധികം ഹെക്ടര്‍ സ്ഥലത്ത് കാപ്പികൃഷിയുണ്ട്. എഴുപതിനായിരത്തിലധികം കര്‍ഷകര്‍ക്ക് നേരിട്ടുള്ള വരുമാന മാര്‍ഗ്ഗവും ജീവിതോപാധിയുമാണ് കാപ്പികൃഷി .കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പിതോട്ടങ്ങള്‍ ഉള്ളത് വയനാട്ടിലാണ്. കൃഷി വകുപ്പിന് കീഴില്‍ വരാത്തതിനാല്‍ പതിറ്റാണ്ടുകളായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും കാപ്പി കര്‍ഷകര്‍ക്ക് യാതൊരു ആനുകൂല്യമോ കാലാവസ്ഥ മൂലമോ പ്രകൃതി ക്ഷോഭം മൂലമോ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമോ ലഭിക്കാറില്ല. ഇത്തവണ കാലം തെറ്റിയുള്ള മഴയില്‍ വയനാട് ജില്ലയിലെ കാര്‍ഷിക മേഖലയിലും സാമ്പത്തിക മേഖലയിലും കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. . ഉല്പാദന ചിലവ് വര്‍ദ്ധിച്ചിട്ടും കാപ്പി വില കൂടിയിട്ടില്ല. വിലക്കുറവും പ്രതികൂല കാലാവസ്ഥയും മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഉണ്ടായ ‘നഷ്ടം’ കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്നും കോഫീ ബോര്‍ഡ് ധനസഹായങ്ങള്‍ ഇല്ലാത്തതിനാല്‍ കാപ്പിയെ കാര്‍ഷിക വിളിയായി കണക്കാക്കി കൃഷി വകുപ്പ് കണക്കെടുപ്പ് നടത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
പതിറ്റാണ്ടുകളായി കാപ്പികൃഷിയുള്ള ജില്ലയാണ് വയനാട് എങ്കിലും കാപ്പി ഉണക്കുന്നതിന് കാപ്പിക്കളങ്ങള് അല്ലാതെ ഡ്രയര്‍ പോലുള്ള ശാസ്ത്രീയമോ ,ആധുനികമോ ആയ സംവിധാനങ്ങള്‍ ഇല്ലാത്തത് വലിയൊരു പ്രതിസന്ധിയാണ്. കാലം തെറ്റിയുള്ള മഴ നീണ്ടു നിന്നാല്‍ ഉണക്കാനുള്ള സൗകര്യ കുറവ് മൂലം വിളവെടുക്കാതിരിക്കുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്.