LATESTKERALA

ജയമാധവന്റേത് കൊലപാതകം; കൂടത്തില്‍ കേസില്‍ നിര്‍ണായക വഴിത്തിരിവ്

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് ഫോറന്‍സിക് കണ്ടെത്തല്‍. സ്വാഭാവിക മരണമല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. 2017 ഏപ്രില്‍ രണ്ടിനാണ് ജയമാധവന്‍ നായര്‍ മരിച്ചത്.
കട്ടിലില്‍ നിന്നും താഴെ വീണു പരുക്കേറ്റ ജയമാധവനെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും തുടര്‍ന്ന് മരണം സംഭവിച്ചെന്നുമാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ മൊഴി നല്‍കിയത്. എന്നാല്‍ മൊഴികളില്‍ പലതും കളവാണെന്നു അന്വേഷണ സംഘം കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ച സമയം സംബന്ധിച്ച മൊഴികളിലും വൈരുദ്ധ്യമുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോയെന്നു ആദ്യം പറഞ്ഞ ഓട്ടോഡ്രൈവര്‍ സുമേഷ്, രവീന്ദ്രന്‍ നായരാണ് കള്ളമൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നു പൊലീസിന് പിന്നീട് മൊഴി നല്‍കി.
കഴിഞ്ഞ ദിവസം ലഭിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിലും മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പോലീസ് കൊലക്കുറ്റം ചുമത്തിയത്. കരമന കൂടത്തില്‍ കുടുംബത്തിലെ ഏഴു പേരാണ് 15 വര്‍ഷത്തിനുള്ളില്‍ ദുരൂഹ സാഹര്യത്തില്‍ മരിച്ചത്.
കുടുംബാംഗങ്ങളായ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് വിവിധ കാലയളവില്‍ മരിച്ചത്.
മരിച്ച ഉണ്ണികൃഷ്ണന്‍ നായരുടെ മുന്‍ ഭാര്യ പ്രസന്നകുമാരിയമ്മയുടെ പരാതിയില്‍ ആദ്യം കരമന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് അന്വേഷണം വിടുകയുമായിരുന്നു.

Related Articles

Back to top button