കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്. അതേസമയം, കാരാട്ട് ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ആദ്യം തീരുമാനിച്ചിരുന്നു. എല്‍. ഡി. എഫ്. സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയും ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
തുടര്‍ന്നാണ് കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായത്. കഴിഞ്ഞ തവണ പറമ്പത്തുകാവില്നിന്ന് കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സീറ്റില്‍ വിജയിച്ചിരുന്നു.
ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ഥിയാണെന്നും എല്‍ഡിഎഫ് കാരാട്ട് ഫൈസലിനെ വിജയിപ്പിക്കുമെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന ഫലം ഇതിനെ സാധൂകരിക്കുന്നതാണ്.