BREAKING NEWSKERALA

വിവാദ മിനി കൂപ്പറില്‍ വിജയം ആഘോഷിച്ച് കാരാട്ട് ഫൈസല്‍

കോഴിക്കോട്: കൊടുവള്ളി നഗരസഭ 15ാം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കാരാട്ട് ഫൈസലിന്റെ വിജയം സിപിഎമ്മിന്റെ തന്ത്രത്തിന്റെ കൂടി വിജയമാണ്. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട മിനി കൂപ്പര്‍ യാത്രാവിവാദം ഈ തിരഞ്ഞെടുപ്പ് കാലത്തും സജീവചര്‍ച്ചയായിരുന്നു. എന്നാല്‍ വിജയത്തിനു പിന്നാലെ പുതിയ മിനി കൂപ്പറില്‍ തന്നെ കയറി നിന്ന് വിജയജാഥ നടത്തിയാണ് ഫൈസല്‍ വെല്ലുവിളി നല്‍കുന്നത്. 568 വോട്ടു നേടിയാണ് ഫൈസലിന്റെ വിജയം.
ആദ്യം എല്‍ഡിഎഫ് പിന്തുണയോടെയാണ് സ്ഥാനാര്‍ഥിയായതെങ്കിലും പിന്നീട് സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കാരാട്ട് ഫൈസല്‍ അവസാന നിമിഷം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. കഴിഞ്ഞ തവണ പറമ്പത്തുകാവില്‍നിന്നാണ് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്.
സ്വര്‍ണക്കടത്തുകേസില്‍ ചോദ്യം ചെയ്തതോടെ സിപിഎം ജില്ലാ നേതൃത്വം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് അബ്ദുല്‍ റഷീദ് പതിയെ പിന്മാറുകയായിരുന്നു. ഫൈസലിന്റെ പ്രചാരണം ഒളിഞ്ഞും തെളിഞ്ഞും നയിച്ചത് പ്രാദേശിക സിപിഎം നേതൃത്വമാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. അവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു ലഭിച്ച പൂജ്യം വോട്ടുകള്‍ എല്‍ഡിഎഫിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്നു വിലയിരുത്തപ്പെടുന്നു.
മുസ്!ലിം ലീഗ് സ്ഥാനാര്‍ഥി കെ.കെ.എ. കാദറാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. നേടിയത് 495 വോട്ടുകള്‍. എന്‍ഡിഎ സ്ഥാനാര്‍ഥി പി.ടി. സദാശിവന് 50 വോട്ടുകള്‍ ലഭിച്ചു. കാരാട്ട് ഫൈസലിന്റെ അപരനായെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി കെ. ഫൈസലിന് ഏഴു വോട്ടുകള്‍ ലഭിച്ചു. അതേസമയം, കൊടുവള്ളി നഗരസഭ ഭരിക്കുക യുഡിഎഫ് ആയിരിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker