കൊച്ചി: കൊടുവള്ളി നഗരസഭയിലെ ഇടതു കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക പങ്കെന്ന് കസ്റ്റംസ്. രാവിലെ കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസലിനെ കൊച്ചിയില്‍ എത്തിച്ച് കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.
പുലര്‍ച്ചെ നാലു മണിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘം കൊടുവള്ളിയിലെ കാരാട്ട് ഫൈസലിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. വീട്ടിലും സമീപത്തെ കെട്ടിടത്തിലുമായി നടത്തിയ പരിശോധനയില്‍ ചില രേഖകളും അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് കസറ്റഡിയില്‍ എടുത്ത് കൂടതല്‍ ചോദ്യം ചെയ്യാനായി ഫൈസലിനെ കൊച്ചിയിലെ കംസ് ഓഫീസില്‍ എത്തിച്ചു.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി കെ ടി റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണക്കടത്തില്‍ കാരാട്ട് ഫൈസല്‍ നിക്ഷേപം നടത്തിയിട്ടുണ്ടോ? കടത്തിയ സ്വര്‍ണം കേരളത്തിലോ പുറത്തോ വില്പന നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.