KERALALATEST

മുത്തൂറ്റ് പോള്‍ വധക്കേസ് പ്രതി കാരി സതീശന്‍ വടിവാള്‍ കഴുത്തില്‍വച്ച് മാല കവര്‍ന്ന കേസില്‍ പിടിയില്‍

ചങ്ങനാശേരി: ഗുണ്ടാസംഘങ്ങളുമായെത്തി വീടുകളില്‍ ഭീഷണി മുഴക്കുകയും സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ പോള്‍ മുത്തൂറ്റ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീശന്‍ (37) അറസ്റ്റില്‍. പരോളില്‍ ഇറങ്ങിയശേഷം വീടുകളില്‍ കയറി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും പിടിച്ചുപറിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം നാലുകോടി വേഷ്ണാല്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന സനീഷിന്റെ വീട്ടില്‍ കയറി സനീഷിനെയും ഭാര്യയെും ഭീഷണിപ്പെടുത്തുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു പറയുകയും ചെയ്ത കേസിലാണു സതീശന്‍ അറസ്റ്റിലായത്. ഇയാളെ അറസ്റ്റു ചെയ്തതറിഞ്ഞ് മറ്റൊരു പരാതികൂടി തൃക്കൊടിത്താനം പൊലീസിനു ലഭിച്ചു.
നാലുകോടി വേഷ്ണാല്‍ ഭാഗത്ത് ആനിക്കുടി ജോയിച്ചന്റെ വീട്ടിലെത്തി മകന്‍ പീറ്ററിന്റെ ഒരു പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തതായാണു പരാതി. വടിവാള്‍ കഴുത്തില്‍ വച്ചായിരുന്നു മാല പിടിച്ചുപറിച്ചത്. കഴിഞ്ഞ 23നു രാത്രി 11നായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ സതീശനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു ഇയാളെ അറസ്റ്റു ചെയ്തത്.

Related Articles

Back to top button