BREAKING NEWSKERALANEWS

കരിപ്പൂരില്‍ മുമ്പും അപകട സാധ്യതയുണ്ടായി; കഴിഞ്ഞ വര്‍ഷം രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഇന്നു വിമാനം അപകടത്തില്‍പ്പെട്ട് ജീവനുകള്‍ പൊലിഞ്ഞെങ്കിലും മുമ്പും പലതവണ അപകടങ്ങളില്‍നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. കരിപ്പൂരില്‍ ചെറിയ രീതികളിലുള്ള റണ്‍വേ അപകടങ്ങള്‍ മുമ്പും ഉണ്ടായിരുന്നു. 2019 ഡിസംബര്‍ 24ന് വന്‍അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്
ഭാഗ്യംകൊണ്ട് മാത്രമാണ്. അന്നേ ദിവസം വൈകുന്നേരം 6.13ന് ജിദ്ദയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ എസ് ജി 36 വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്ത് റണ്‍വേയിലൂടെ ഓടുന്ന സമയത്ത് പിറകിലെ ടയറുകളില്‍ ഒന്ന് പൊട്ടുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും അടക്കം 186 പേരായിരുന്നു വിമാനത്തില്‍. റണ്‍വേയില്‍ നിര്‍ത്തിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ മറ്റൊരു വാഹനത്തില്‍ കയറ്റി ആണ് ടെര്‍മിനലില്‍ എത്തിച്ചത്.
2012 ഏപ്രില്‍ 30ന് കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്ന കോഴിക്കോട്ദുബായ് വിമാനത്തില്‍ പക്ഷിയിടിച്ച് വലത്തെ എന്‍ജിന്‍ തകര്‍ന്നു. എന്നാല്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
2017 ഓഗസ്റ്റ് നാലിന് ചെന്നൈയില്‍നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയുടെ അരികില്‍ വിളക്കുകള്‍ തകര്‍ത്ത് വന്നിറങ്ങിയെങ്കിലും ദുരന്തം ഒഴിവായി. മഴമൂലമുള്ള വെളിച്ചക്കുറവും മിനുസവുമാണ് അന്ന് അപകടത്തിന് കാരണമായി പറഞ്ഞിരുന്നത്.
2019 ജൂണ്‍ 21ന് അബുദാബി കോഴിക്കോട് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി ലാന്‍ഡിങ് ലൈറ്റില്‍ ഇടിച്ചിരുന്നു.
2019 ഡിസംബര്‍ 24ന് ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍പൊട്ടി അപകടമുണ്ടായി. ടേണിങ് പാഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അപകടം. ഇക്കുറിയും അളപായമോ പരിക്കോ ഉണ്ടായില്ല.
ഇത്തവണ വിമാനം നിയന്ത്രണം തെറ്റി തെന്നി മാറിയില്ലെങ്കില്‍ മംഗലാപുരത്ത് സംഭവിച്ചതുപോലെ വന്‍ ദുരന്തം ഉണ്ടായേനെ എന്നായിരുന്നു വിലയിരുത്തല്‍. ഇത്തരത്തില്‍ വന്‍ ദുരന്തസാധ്യതയുണ്ടായിട്ടും മുന്‍കരുതല്‍ എടുക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം അടക്കം ഡിജിസിഎ വിശദമായി അന്വേഷിക്കും.ഇറങ്ങുന്ന സമയത്ത് വിമാനത്തിന്റെ മുഴുവന്‍ ഭാരവും ടയറുകളില്‍ ചുമത്തപ്പെടും. ലാന്‍ഡ് ചെയ്യുന്ന സമയത്തു ടയര്‍ പൊട്ടിയിരുന്നെങ്കില്‍ തീ പിടിക്കാന്‍ ഉള്ള സാധ്യത കൂടുമായിരുന്നു. ലാന്‍ഡ് ചെയ്ത് ഓടി തുടങ്ങിയ ശേഷം ടയര്‍ പൊട്ടിയതുകൊണ്ടാണ് ദുരന്തം വഴി മാറിയത്.

Related Articles

Back to top button