BREAKING NEWSLATESTNATIONAL

രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം കര്‍ണാടക പിന്‍വലിച്ചു

ബെംഗളൂരു: ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ കര്‍ണാടക പിന്‍വലിച്ചു. പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തേ തുടര്‍ന്നാണ് കര്‍ഫ്യൂ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
പൊതുജനാഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷം രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചതായും പ്രസ്താവനയില്‍ പറയുന്നു. കോവിഡ് പടരാതിരിക്കാന്‍ മുഖാവരണം ധരിക്കുകയും കൈകളുടെ ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്നും യെദ്യൂരപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഡിസംബര്‍ 24 മുതല്‍ രാത്രി 11 നും രാവിലെ 5 നും ഇടയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജനുവരി 2 വരെ ഇത് തുടരാനും തീരുമാനിച്ചിരുന്നു. ബുധനാഴ്ചയാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നേരത്തെ, രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സാങ്കേതിക ഉപദേശക സമിതി സര്‍ക്കാരിന് ഉപദേശം നല്‍കിയതായി കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞിരുന്നു. രാത്രികാല കര്‍ഫ്യൂവിനായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍, രോഗം പടരുന്നത് തടയാന്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ് മഹാരാഷ്ട്ര. വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്ട്ര ജനുവരി അഞ്ച് വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര.

Related Articles

Back to top button