ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ എ.എല്‍.എ.മാരെ നിരീക്ഷിക്കാന്‍ ഇനി നിര്‍മിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍. എം.എല്‍.എ.മാര്‍ സഭയില്‍ വരുന്നതും പോകുന്നതും ക്യാമറകള്‍ നിരീക്ഷിക്കും. സ്പീക്കറുടെ മുന്‍പിലുള്ള ഡാഷ് ബോര്‍ഡില്‍ ഇതില്‍നിന്നുള്ള വിവരങ്ങള്‍ തെളിയും. എം.എല്‍.എ.മാര്‍ കൃത്യസമയത്ത് വരാനും സഭയില്‍ അവരുടെ മുഴുവന്‍സമയ സാന്നിധ്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണിത്.
കൂടുതല്‍സമയം സഭാനടപടികളില്‍ സജീവമാകുന്നവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാനാകും. നിയമസഭയുടെ വര്‍ഷകാലസമ്മേളനം ആരംഭിക്കുന്ന തിങ്കളാഴ്ച ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. നിയമസഭയുടെ സുരക്ഷയുറപ്പാക്കുന്നതിന് പുറമെയാണ് ക്യാമറകള്‍ അംഗങ്ങളുടെ ഹാജര്‍നിലയും രേഖപ്പെടുത്തുക. അംഗങ്ങളുടെ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്.
വിധാന്‍സൗധയിലെ നിയമസഭാഹാളില്‍ നടത്തിയ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് പുതിയ ക്യാമറകള്‍ സ്ഥാപിച്ചത്. നേരത്തേ സഭയിലെത്തുന്നതുള്‍പ്പെടെ കണക്കിലെടുത്ത് മികച്ച അംഗങ്ങളെ തിരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നതിന് സ്പീക്കര്‍ യു.ടി. ഖാദര്‍ കഴിഞ്ഞവര്‍ഷം തുടക്കമിട്ടിരുന്നു. എന്നാല്‍, വൈകിയെത്തിയവരാണെങ്കിലും ആ ദിവസത്തെ സഭാസമയത്തിന്റെ അവസാനംവരെ പങ്കെടുത്തവര്‍ക്ക് ശ്രദ്ധലഭിക്കുന്നില്ലെന്ന് എം.എല്‍.എ.മാര്‍ പരാതിപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അംഗങ്ങള്‍ വരുന്നതും പോകുന്നതും നിരീക്ഷിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തതെന്ന് യു.ടി. ഖാദര്‍ പറഞ്ഞു.
95 Less than a minute