ബെംഗളൂരു: കര്‍ണാടകയിലെ ഗദഗില്‍ ഗുണ്ടാസംഘം പോലീസുകാര്‍ സഞ്ചരിച്ച വാഹനം ആക്രമിച്ച് കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു. ആക്രമണത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കൊപ്പാള്‍ ജില്ലയിലെ ഗംഗാവതി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ക്രിമിനല്‍ കേസ് പ്രതിയായ അംജദ് അലി എന്നയാളെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെയാണ് പോലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്വകാര്യവാഹനത്തിലാണ് പോലീസ് സംഘം സഞ്ചരിച്ചിരുന്നത്. ഒരു റെയില്‍വേ മേല്‍പ്പാലത്തിന് താഴെവെച്ച് അക്രമിസംഘം പോലീസുകാരുടെ വാഹനം ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമിസംഘം പോലീസുകാരെയും പരിക്കേല്‍പ്പിച്ചു. പിന്നാലെ കസ്റ്റഡിയിലുണ്ടായിരുന്ന അംജദ് അലിയെ മോചിപ്പിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു.
ഗംഗാവതി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ശിവശരവണ ഗൗഡ, കോണ്‍സ്റ്റബിള്‍ മൈലാരപ്പ സോംപുര, ഹവില്‍ദാര്‍ മാരിഗൗഡ ഹൊസമാനി, ഡ്രൈവര്‍ ശരണപ്പ തിമ്മനഗൗഡ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1,091 Less than a minute