KERALALATEST

കെഎഎസ്സിലെ ഇരട്ട സംവരണം: സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിന് കേരളത്തിന് 3 ആഴ്ച കൂടി സമയം

ന്യൂഡല്‍ഹി: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രവേശനത്തിന് ഇരട്ട സംവരണം ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ നിലപാട് സത്യവാങ്മൂലത്തിലൂടെ അറിയിക്കണം എന്ന് സുപ്രീം കോടതി. സംവരണം നീതിയുമായി ബന്ധപ്പെട്ട വിഷയം ആയതിനാല്‍ സര്‍ക്കാരിന്റെ വാദം വിശദമായി കേള്‍ക്കേണ്ടത് ഉണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം കെ.എ.എസ് സംവരണ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട് എന്ന് പി.എസ്.സി സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു.
നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വ്വീസില്‍ സംവരണം ബാധകം ആക്കിയ സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സമസ്ത നായര്‍ സമാജം എന്ന സംഘടനയും ചില ഉദ്യോഗാര്‍ത്ഥികളും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരട്ട സംവരണം ഭരണഘടന വിരുദ്ധം ആണെന്ന ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണം എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന് അവസാന അവസരം എന്ന നിലയില്‍ മൂന്ന് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. ഇത് അവസാന അവസരം ആയിരിക്കും എന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ രണ്ട് ആഴ്ചത്തെ സമയം ഹര്‍ജിക്കാര്‍ക്കും കോടതി അനുവദിച്ചിട്ടുണ്ട്. ആറാഴ്ച കഴിഞ്ഞ് അന്തിമ വാദത്തിനായി ഹര്‍ജി പരിഗണിക്കും എന്നും സുപ്രീം കോടതി അറിയിച്ചു.
ഇതിനിടെ നിയമന മാനദണ്ഡങ്ങള്‍, സംവരണം, യോഗ്യത, പ്രായപരിധി തുടങ്ങിയവ തീരുമാനിക്കാന്‍ സര്‍ക്കാരിന് ഭരണഘടനപരം ആയ അവകാശം ഉണ്ടെന്ന് വ്യക്തമാക്കി പി എസ് സി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സര്‍വീസ് ചട്ടങ്ങളില്‍ പൊതു താത്പര്യ ഹര്‍ജികളില്‍ നിലനിലനില്‍ക്കില്ല എന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതായും പി എസ് സി തങ്ങളുടെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവര്‍ ഹാജര്‍ ആയി. പി എസ് സി ക്ക് വേണ്ടി വിപിന്‍ നായര്‍, സമസ്ത നായര്‍ സമാജത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ്, കെ വി മോഹന്‍ എന്നിവര്‍ ഹാജര്‍ ആയി. കേസിലെ എതിര്‍ കക്ഷികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിംഗും ഹാജര്‍ ആയി.

Related Articles

Back to top button