KERALALATEST

ബളാല്‍ കൊലപാതകം: ആല്‍ബിന്‍ ശ്രമിച്ചത് കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍

കാസര്‍കോട്: ബളാലില്‍ സഹോദരിയെ എലി വിഷം നല്‍കി കൊലപ്പെടുത്തിയ പ്രതി സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ അവസാനംവരെ ശ്രമിച്ചെന്ന് പൊലീസ്. ശാസ്ത്രീയ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ താന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് 22കാരന്‍ സമ്മതിച്ചത്. മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിലാണ് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് കൊല ചെയ്യാമെന്ന് തീരുമാനിച്ച് ആല്‍ബിന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.
ആന്‍ മേരിയെന്ന 16 കാരി വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് മരിച്ചതിന് പിന്നില്‍ 22 കാരനായ സഹോദരന്‍ ആല്‍ബിനാണെന്ന് പൊലീസ് മനസിലാക്കിയത് അഞ്ച് ദിവസം മുന്‍പാണ്. കഴിഞ്ഞ മുപ്പതാം തീയതി അമ്മയെയും അനുജത്തിയെയും കൊണ്ട് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിച്ചു. രാത്രി എല്ലാവരും കഴിച്ച് ബാക്കി ഐസ്‌ക്രീം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് ബാക്കിയായ ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചു. ആദ്യം ആരോഗ്യനില വഷളായ 16കാരിക്ക് വിദഗ്ധ ചികിത്സ കിട്ടിയില്ല. ആന്‍ മേരി ഓഗസ്റ്റ് അഞ്ചിന് മരിച്ചു. പിന്നാലെ അച്ഛന്‍ ബെന്നിയും ഗുരുതരാവസ്ഥയിലായി. കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതില്‍ മകന്‍ മാത്രം ബാക്കിയായി എന്നൊരു തിരക്കഥയായിരുന്നു ആല്‍ബിന്‍ മനസില്‍ തയ്യാറാക്കിയത്.
ഐസ്‌ക്രീം അല്‍പം മാത്രം കഴിച്ചത് കൊണ്ട് അമ്മയ്ക്കും ആല്‍ബിനും ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നു. മഞ്ഞപ്പിത്തം വന്നാണ് ആന്‍ മേരി മരിച്ചതെന്ന് ബന്ധുക്കള്‍ തുടക്കത്തില്‍ വിശ്വസിച്ചത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്ന് വ്യക്തമായി. ആദ്യം അമ്മയെയും മകനെയും ഒരുപോലെ സംശയിച്ച പൊലീസ് പിന്നീട് ഇത് ആല്‍ബിന്‍ ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടത്തിയ ക്രൂര കൊലയാണെന്ന് കണ്ടെത്തി.
ലഹരിക്കടിമയായ ആല്‍ബിന്‍ തന്റെ ഇഷ്ട്ടത്തിന് ജീവിക്കാന്‍ കുടുംബം തടസ്സമാണെന്ന് കണ്ടപ്പോള്‍ എല്ലാവരെയും വകവരുത്തി നാലരയേക്കര്‍ ഭൂ സ്വത്തും തട്ടിയെടുത്ത് വിറ്റ് നാട് വിടാമെന്ന് കണക്കുകൂട്ടി. തന്റെ അടുത്ത സ്ത്രീ സുഹൃത്തിനോടോ മറ്റ് സുഹൃത്തുക്കളോടോ ഇക്കാര്യം ആല്‍ബിന്‍ പങ്കുവച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കൂടത്തായിയില്‍ ജോളി ചെയ്തത ക്രൂരകൃത്യവും പ്രതിക്ക് പ്രചോദനം ആയേക്കാമെന്ന് പൊലീസ് വിലയിരുത്തി. വിഷം നല്‍കി കൊലചെയ്തതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത പൊലീസ് മറ്റ് തുടര്‍ നടപടികളിലേക്ക് കടന്നു. 22കാരന്‍ കുടുംബത്തെ അപ്പാടെ വകവരുത്താന്‍ പദ്ധതിയിട്ടെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് കാസര്‍കോട് ബളാല്‍ എന്ന മലയോര ഗ്രാമം.

Tags

Related Articles

Back to top button
Close