BREAKING NEWSKERALALATEST

കാസര്‍കോട്ടെ 16കാരിയുടെ മരണം കൊലപാതകം; ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് സഹോദരന്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലിലെ ആന്‍മേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയായിരുന്നു കൊലപാതകം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്ന് ആല്‍ബിന്‍ പോലീസിനോട് പറഞ്ഞു. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നി ഇപ്പോഴും ആശുപത്രിയിലാണ്.
ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ബളാല്‍ അരീങ്കലിലെ ബെന്നിയുടെ മകള്‍ ആന്‍മേരി ചെറുപുഴയിലെ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തിന് ഒരാഴ്ച മുന്‍പ് ആന്‍മേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആന്‍ മേരിക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടി.
മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു. ആന്‍മേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരന്‍ ആല്‍ബിന്‍ എന്നിവരെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്.
പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയമുണര്‍ന്നതോടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്.
കുടുബംത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ആല്‍ബിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ഇരുപത്തിരണ്ടുകാരനായ സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.
അച്ഛനും അമ്മയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ ബെന്നിയുടെ നില അതീവഗുരുതരമാണ്. രഹസ്യ ബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഐസ്‌ക്രീം ഇഷ്ടമില്ലാതിരുന്ന അമ്മയെ ആല്‍ബിന്‍ നി!ര്‍ബന്ധിപ്പിച്ച് ഐസ്‌ക്രീം കഴിപ്പിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags

Related Articles

Back to top button
Close