മനുഷ്യരുടെ ദൈനം ദിന ജീവിതത്തിലേക്ക് ആഴ്നിറങ്ങുകയാണ് സാങ്കേതിക വിദ്യകള്‍. പഠനത്തിലും, ജോലിയിലുമെന്ന പോലെ വിശ്വാസങ്ങളിലും നൂതന സാങ്കേതിക വിദ്യകള്‍ ഇടം പിടിക്കുകയാണ്. അതിന് ഉദാഹരണമാവുകയാണ് ചില മുന്‍നിര ക്ഷേത്രങ്ങളില്‍ അടുത്തിടെ അവതരിപ്പിച്ച വിര്‍ച്വല്‍ റിയാലിറ്റി സൗകര്യങ്ങള്‍.
ഏറ്റവും ഒടുവില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് വിര്‍ച്വല്‍ റിയാലിറ്റി ദര്‍ശനത്തിനുള്ള സൗകര്യം അവതരിപ്പിച്ചത്. തിരക്കേറിയ ക്ഷേത്രത്തിലെ നീളമേറിയ വരിയില്‍ നില്‍ക്കാതെ, എളുപ്പം ദര്‍ശനം നടത്താന്‍ ഈ സാങ്കേതിക വിദ്യയിലൂടെ ഭക്തര്‍ക്ക് സാധിക്കും.
രണ്ടാഴ്ച മുമ്പാണ് ക്ഷേത്രത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിആര്‍ ദര്‍ശനത്തിനുള്ള സൗകര്യം അവതരിപ്പിച്ചത്. നേരത്തെ ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിലും മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലും വിആര്‍ ദര്‍ശന്‍ സൗകര്യം അവതരിപ്പിച്ചിരുന്നു.
ഭഗവാനുമായി ബന്ധപ്പെട്ട 3ഡി ദൃശ്യങ്ങളാണ് വിആര്‍ ഹെഡ്സെറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക. കാശി വിശ്വനാഥക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അപൂര്‍വ ദൃശ്യങ്ങള്‍ കാണാനും അനുഷ്ടാനങ്ങളില്‍ പങ്കെടുക്കാനും സാധിക്കും. ഇതിനകം നിരവധിയാളുകള്‍ വിആര്‍ ദര്‍ശന്‍ നടത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഇതിനെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു സ്വകാര്യ കമ്പനിയാണ് ക്ഷേത്രങ്ങളില്‍ 3ഡി വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യ എത്തിച്ചത്.
1,127 Less than a minute