ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൂഞ്ച് ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു പാക് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരാള്‍ പിടിയിലായി. ഞായറാഴ്ച വൈകുന്നേരം മുഗള്‍ റോഡിലെ പോഷാന പ്രദേശത്താണ് സംഭവം.
പൂഞ്ചിലെ പോഷാനയ്ക്കടുത്തുള്ള ചട്ടപനി പ്രദേശത്ത് സുരക്ഷാ സേനയുടെ സംയുക്ത നീക്കത്തിനൊടുവില്‍ രണ്ട് തീവ്രവാദികളെ വധിക്കുകയും അവരുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ജമ്മു മേഖല ഐജി മുകേഷ് സിംഗ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയ ഭീകരര്‍ ഷോപ്പിയാനിലേക്ക് പോകുന്നതിനിടെയാണ് ഏറ്റമുട്ടലുണ്ടായതെന്നാണ് വിവരം. ജില്ലാ വികസന കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനെത്തിയ ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന വെള്ളിയാഴ്ച സ്ഥലത്തെത്തിയിരുന്നുവെങ്കിലും കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി. ഞായറാഴ്ച പൊലീസും സൈന്യവും സംയുക്തമായി ചട്ടാപനി ദുര്ഗാന് പ്രദേശത്തു നടത്തിയ തിരച്ചിലിനിടെയാണ് രണ്ട് പേരെ വധിച്ചത്.