അമേരിക്കയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് കാത്തി ലെഡേകിയുടെ സ്വിമ്മിങ് പൂളിലെ പ്രകടനമാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്. 15 വട്ടം ലോക ചാമ്പ്യന്‍ഷിപ്പില്‍ നീന്തല്‍ കുളത്തില്‍ ജയിച്ച് കയറിയ താരം തലയില്‍ ഒരു ഗ്ലാസ് പാലും വെച്ചാണ് ലോകത്തെ കൗതുകത്തിലാക്കിയത്. സ്വിമ്മിങ് പൂളിന്റെ ഒരറ്റത്ത് നിന്ന് മറ്റേതിലേക്ക് എത്തിയപ്പോഴും തലയില്‍ ബാലന്‍സ് ചെയ്ത് വെച്ചിരുന്ന ചോക്കലേറ്റ് മില്‍ക്ക് ഒരു തുള്ളി തുളുമ്പി പോയില്ല. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. തന്റെ കരിയറില്‍ ഏറ്റവും നന്നായി നീന്തിയത് ഇവിടെയാവണം എന്നാണ് ലെഡേകി വിഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ഗോട്ട് മില്‍ക് പരസ്യത്തിന്റെ ഭാഗമായാണ് ലെഡ്കി ഈ പ്രകടനവുമായി എത്തിയത്. ട്വിറ്ററില്‍ 2.7 മില്യണിലധികം ആളുകള്‍ വിഡിയോ കണ്ടു. അഞ്ച് വട്ടം ഒളിംപിക്സില്‍ സ്വര്‍ണത്തില്‍ മുത്തമിട്ട താരമാണ് ലെഡേകി. 15 വട്ടം ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി ഈ നേട്ടം സ്വന്തമാക്കുന്ന ഒരേയൊരു വനിതാ നീന്തല്‍ താരവുമായി ലെഡേകി. കോവിഡ് കാലത്ത് ലോകം പ്രതിസന്ധിയില്‍ നില്ക്കുന്ന ഈ സമയമാണ് കഠിനാധ്വാനവും സമര്‍പ്പണവും എത്രത്തോളം തുണയ്ക്കുമെന്ന് കാണിച്ച് ലെഡേകിയുടെ വിഡിയോ എത്തുന്നത്.