650 അംഗ പാര്‍ലമെന്റിലേക്ക് വന്‍ ഭൂരിപക്ഷം നേടി ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താനൊരുങ്ങുകയാണ്. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ചാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക് എത്തുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 325 സീറ്റ് ലേബര്‍ പാര്‍ട്ടി ഇതിനോടകം നേടിക്കഴിഞ്ഞു. 410 സീറ്റുകള്‍ വരെ ഇവര്‍ക്ക് ലഭിക്കുമെന്നാണ് പ്രവചനം. ഇക്കുറി തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.
ആരാണ് കെയ്ര്‍ സ്റ്റാര്‍മര്‍?
നിയമത്തിനും, ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്കും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് അന്തരിച്ച എലിസബത്ത് രാജ്ഞി പ്രത്യേക പദവി നല്‍കി ആദരിച്ച വ്യക്തിയാണ് 61കാരനായ കെയ്ര്‍ സ്റ്റാര്‍മര്‍. അഭിഭാഷകനായ കെയ്ര്‍ 2015ലാണ് ആദ്യമായി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2019ല്‍ ലേബര്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിന് ശേഷം പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് മുന്നോട്ട് കൊണ്ടുവന്നത് കെയ്റിന്റെ പരിശ്രമത്തിലൂടെയാണ്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ച പാര്‍ട്ടി മുന്‍ നേതാവ് ജെറമി കോര്‍ബിന്റെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് അദ്ദേഹം എല്ലായ്പ്പോഴും സ്വീകരിച്ചിട്ടുള്ളത്. പ്രവാസി ഇന്ത്യക്കാരുമായി പാര്‍ട്ടിയുടെ ബന്ധം മെച്ചപ്പെടുത്തിയത് കെയ്റിന്റെ നേതൃത്വത്തിലാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗത്തിലും ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം കെയ്ര്‍ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ആഗോള സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കെയ്ര്‍ പറഞ്ഞിരുന്നു.
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്നും, സുരക്ഷ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ സഹകരണം തേടുന്നത് ഉറപ്പാക്കുമെന്നും കെയ്റിന്റെ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് പത്രികയില്‍ പറയുന്നു.
ഓക്സറ്റഡിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതും. ടൂള്‍മേക്കര്‍ ആയിരുന്നു പിതാവ്. അമ്മ ജോസഫൈന്‍ നഴ്സും. 2015ല്‍ ആദ്യമായി എംപി സ്ഥാനത്തെത്തി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് അമ്മ ജോസഫൈന്റെ മരണം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് കെയ്ര്‍ നിയമപഠനം നടത്തിയത്. പിന്നീട് ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടറായി. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ജീവനക്കാരിയായ വിക്ടോറിയ ആണ് കെയ്റിന്റെ ഭാര്യ.