ദില്ലി : മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ ഗൂഡാലോചനയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ജയിലിലിട്ട് പീഡിപ്പിച്ച് കെജ്രിവാളിന്റെ ആരോഗ്യം തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യമെന്നും എഎപി എംപി സജ്ഞയ് സിംഗ് ആരോപിച്ചു. കെജ്രിവാള്‍ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്നും ഇതിന്റെ കാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ദില്ലി ലെഫ്. ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് എഎപിയുടെ പുതിയ ആരോപണം.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി ലഫ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഭക്ഷണം കഴിക്കാതിരിക്കാന്‍ കാരണം എന്തെന്ന് പരിശോധിക്കണമെന്നും, ഭക്ഷണവും മരുന്നും കൃത്യമായി കഴിക്കാന്‍ ജയില്‍ സൂപ്രണ്ട് കെജ്രിവാളിനോട് നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കെജ്രിവാളിന്റെ ശാരീരിക അവസ്ഥ കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ കെജ്രിവാളിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും, എല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടെന്നും ആംആദ്മി പാര്‍ട്ടി പ്രതികരിച്ചു.
61 Less than a minute